നാദിയ പീഡനകേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മകൻ ഉൾപ്പെട്ട സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരി മരിച്ച സംഭവത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയതായി സി.ബി.ഐ. കേസിലെ മൂന്നാം പ്രതിയായ റാംജിത്ത് മാലിക്കിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. നാദിയ ജില്ലയിലെ രംഘാട്ട് മേഖലയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കേസിൽ പ്രതികളായ തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മകനുൾപ്പെടെ രണ്ട് പേരെ ബംഗാൾ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ന്യായമായ അന്വേഷണം നടത്തുന്നതിനായി കൽക്കട്ട ഹൈകോടതിയാണ് സി.ബി.ഐയെ ചുമതലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും പൂർണ സംരക്ഷണം ഏർപ്പെടുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ജന്മദിനാഘോഷ പരിപാടിക്ക് പോകുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായത്. കേസിലെ മുഖ്യപ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മകൻ ഉൾപ്പെട്ടതിലുള്ള സമ്മർദ്ദം മൂലം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്താതെ സംസ്കരിക്കാൻ നിർബന്ധിതതരായതായി കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത് ബലാത്സംഗമാണോ അതോ അവിഹിത ബന്ധത്തിന് ശേഷം കുട്ടി ഗർഭിണി ആയതാണോയെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ എന്നായിരുന്നു മമതയുടെ ചോദ്യം. ഏപ്രിൽ അഞ്ചിന് പെൺകുട്ടി മരിച്ചു. ഏപ്രിൽ പത്തിനാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് പൊലീസിനെ നേരത്തെ അറിയിച്ചില്ല. കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇനി എങ്ങനെയാണ് പൊലീസിന് തെളിവുകൾ ലഭിക്കുക എന്നുമായിരുന്നു മമതയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.