ഗെയിമിങ് ആപ്പ് വഴി 400 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ഇ.ഡി
text_fieldsകൊൽക്കത്ത: ചൈനീസ് ഗെയിമിങ് ആപ്പ് വഴി 400 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാല് പേരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അരുൺ സാഹു, അലോക് സാഹു, ചേതൻ പ്രകാശ്, ജോസഫ് സ്റ്റാലിൻ എന്നിവരാണ് കൊൽക്കത്തയിൽ പിടിയിലായത്. ഫീവിൻ (Fiewin) എന്ന ആപ്പിലൂടെയാണ് ഇവർ തട്ടിപ്പു നടത്തിയതെന്ന് ഇ.ഡി വ്യക്തമാക്കി. നാലുപേരെയും 14 ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു.
ഓൺലൈനിൽ ഗെയിം കളിക്കുന്നവർക്ക് പണം നഷ്ടമായെന്ന പരാതിയിൽ അജ്ഞാതർക്കെതിരെ കൊൽക്കത്തയിലെ കോസിപുർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തുടരന്വേഷണമാണ് വമ്പൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ആപ്പ് വഴി തട്ടിയെടുത്ത പണം പിന്നീട് വിവിധ ബിനാൻസ് (ആഗോള ക്രിപ്റ്റോ എക്സ്ചേഞ്ച്) വാലറ്റുകളിലേക്ക് മാറ്റുകയായിരുന്നു. ചൈനീസ് പൗരന്മാരാണ് ഈ അക്കൗണ്ടുകളുടെ ഉടമകൾ. ഇവർ അറസ്റ്റിലായവരുമായി ടെലഗ്രാം ആപ്പ് വഴി നിരന്തരം ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർക്ക് ടെലഗ്രാമിലൂടെയാണ് ഇവർ നിർദേശങ്ങൾ നൽകിയത്. റീചാർജ് എന്ന പേരിൽ പണം നിക്ഷേപിക്കാൻ നിർദേശിക്കുകയും ഇതിന്‍റെ കമീഷനെന്ന നിലയിൽ കുറച്ചു പണം നൽകുകയുമാണ് ചെയ്യുന്നത്. കൂടുതൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം എന്നായിരുന്നു വാഗ്ദാനം. ടാസ്കുകൾ എന്ന പേരിലാണ് പണമിടപാട് നടത്തുന്നത്. എന്നാൽ വലിയ തുക അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ആകുന്നതോടെ പിന്നീട് ഇവർ ടെലഗ്രാമിൽ പ്രതികരിക്കാതാവുന്നു. ഇത്തരത്തിൽ നിരവധിപേർക്കാണ് പണം നഷ്ടമായത്.
അറസ്റ്റിലായ ജോസഫ് സ്റ്റാലിൻ ചെന്നൈ സ്വദേശിയും സോഫ്റ്റ്‍വേർ എൻജിനീയറുമാണ്. ഇയാൾ ചൈനീസ് പൗരനായ പൈ പെൻഗ്യൂൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ 21 എന്ന കമ്പനിക്കു വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. ആപ്പ് വഴി വലിയ തുകകൾ പെൻഗ്യൂനിന്‍റെ കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഇയാളുടെ രീതി. പിന്നീട് പെൻഗ്യൂൻ സ്റ്റാലിന് ക്രിപ്റ്റോ കറൻസിയായി നൽകിയ പണം ഇന്ത്യൻ രൂപയിലേക്ക് മാറ്റിയെന്നും ഇ.ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.