ജോലി വാഗ്ദാനം നൽകി 4.78 ലക്ഷം തട്ടിയ ഫാക്ട് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകളമശ്ശേരി: എഫ്.എ.സി.ടിയിൽ ജോലി വാഗ്ദാനം നൽകി 4.78 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഫാക്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്‌തു. ഫാക്ട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മന്മദനെയാണ് (51) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ വാണിയക്കാട് കോട്ടുവള്ളി സ്വദേശി സൂരജിന്‍റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ പ്രവാസിയായ സൂരജ് തൊഴിൽ തേടി ഫാക്ടിന് മുന്നിൽ എത്തിയ സമയത്താണ് മന്മഥനുമായി പരിചയത്തിലായത്. ഫോൺ നമ്പർ വാങ്ങി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തതായാണ് കേസ്. വിവിധ കാലങ്ങളിലായി പണം വാങ്ങി ജോലി നൽകാതെയും വാങ്ങിയ പണം തിരിച്ചു നൽകാതെയും വിശ്വാസ വഞ്ചനയിലൂടെ ചതിച്ചതിനാലാണ് അറസ്റ്റ്. വൈക്കത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇ.എസ്.ഐ ലഭിക്കുന്ന ജോലി തേടിയെത്തി, തട്ടിപ്പിന് ഇരയായി
കളമശ്ശേരി: അസുഖ ബാധിതരായ മാതാവിന്‍റെയും കുട്ടിയുടെയും ചികിത്സ സൗകര്യത്തിനായി ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന ജോലി തേടി ഫാക്ടിന് മുന്നിലെത്തിയ സൂരജാണ് തൊഴിൽ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടത്.
ഫെബ്രുവരി 15നാണ് ഇദ്ദേഹം കരാർ ജോലി തേടി ഫാക്ടിന് മുന്നിലെത്തുന്നത്. ഏതെങ്കിലും കരാറുകാരനെ കണ്ടാലേ ജോലി കിട്ടുകയുള്ളൂ എന്ന ധാരണയിൽ രാവിലെ എട്ടിന് മുമ്പ് കമ്പനി ഗേറ്റിന് മുന്നിലെത്തി. ഈ സമയം മന്മഥനുമായി പരിചയപ്പെടുകയും കരാറുകാർ ആരുടെയെങ്കിലും ഫോൺ നമ്പർ ലഭിക്കുമോ എന്ന് തിരക്കുകയും ചെയ്തു.
എന്നാൽ, ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് സൂരജിന്‍റെ ഫോൺ നമ്പർ വാങ്ങി മന്മഥൻ പറഞ്ഞയക്കുകയും കുറച്ച് സമയത്തിന് പിന്നാലെ ഫോണിൽ വിളിച്ച് ബയോഡാറ്റയുമായി എത്താനും ഒരു ജോലി തരപ്പെടുത്തി തരാം 20,000 രൂപ ചെലവുണ്ടാകുമെന്നും അറിയിക്കുകയായിരുന്നു. അതനുസരിച്ച് പണവും രേഖകളും കൈമാറി. പിന്നാലെ ഒരു കാഷ്വൽ ലേബർ ഒഴിവുണ്ട് ശരിയാക്കി തരാം അതിന് ഉന്നത ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ തുടങ്ങിയ നിലയിൽ പണം നൽകണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫെബ്രുവരി 17 മുതൽ ഏപ്രിൽ 16 വരെ കാലയളവിനുള്ളിൽ 4.78 ലക്ഷം രൂപയോളം വാങ്ങിയെടുത്തതായാണ് സൂരജ് പറയുന്നത്. ജോലിയും നൽകിയ പണവും ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.