എം.ഡി.എം.എ വലിച്ചെറിഞ്ഞ് ആഡംബര കാറിൽ രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ സാഹസികമായി പിടികൂടി; പൊലീസുകാരന് സാരമായ പരുക്ക്
text_fieldsചെങ്ങമനാട്: പൊലീസിനെയും, യാത്രക്കാരെയും അപായപ്പെടുത്തും വിധം ആഡംബരക്കാറിൽ നിന്ന് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട ലഹരി മാഫിയ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25) ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും മറ്റും സഹായിച്ച ഫോർട്ട് കൊച്ചി ചെമ്പിട്ട വീട്ടിൽ ഷഹീൽ ഖാൻ (27) കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ് ലം (24) എന്നിവരെ ചെങ്ങമനാട് പൊലീസാണ് സാഹസികവും, നാടകീയവുമായി വലയിൽ വീഴ്ത്തിയത്.
ബാംഗ്ലൂരിൽ നിന്നാണ് ഇവർ ആഡംബരക്കാറിൽ രാസലഹരി കടത്തിയിരുന്നത്. അക്കാര്യം ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് രഹസ്യ വിവരം ലഭിച്ചു. അതോടെ ജില്ല ഡാൻസാഫ് ടീമും, പൊലീസും ദേശീയപാതയിൽ കരിയാട് കവലയിൽ വാഹന പരിശോധന ആരംഭിച്ചു. അതിനിടെയാണ് സംഘം പാഞ്ഞ് വന്നത്. പൊലീസുദ്യോഗസ്ഥർ റോഡിലിറങ്ങി വാഹനം തടഞ്ഞു. അതോടെ പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ഇരുവശത്തേക്കും നീങ്ങിയതോടെയാണ് ജീവാപായം ഒഴിവായത്. മിന്നൽ വേഗത്തിൽ ദേശീയപാതയിലൂടെ പാഞ്ഞ സംഘം അത്താണി-പറവൂർ റേഡിലേക്ക് കടന്നു. അപ്പോഴേക്കും പിന്നിൽ പൊലീസ് വാഹനവും കുതിച്ചെത്തി. അതോടെ അപകടകരമാംവിധം വാഹനം കറക്കിയോടിച്ച് പാഞ്ഞു. പല വഴിയാത്രക്കാരും അപകട ഭീഷണിയിലായിരുന്നു. പിന്നിൽ വരുന്ന പൊലീസ് പിടികൂടുമെന്ന് കണ്ടതോടെയാണ് ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപം ബാഗ് വലിച്ചെറിഞ്ഞത്.
വീണ്ടും പിന്തുടർന്നാൽ യാത്രക്കാർ അപായത്തിൽപ്പെടുമെന്ന് കണ്ടതോടെയാണ് പൊലീസ് പിൻവലിഞ്ഞത്. എങ്കിലും സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 100 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രതികൾക്കായി രാത്രിയിലും എസ്.പിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുകയായിരുന്നു.
തോപ്പുംപടി പഴയ പാലത്തിന് സമീപം കേന്ദ്രീകരിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രതികളെ പൊലീസ് സംഘം വളയുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പോലീസുദ്യോഗസ്ഥന് സാരമായി പരുക്കേറ്റിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച ആഡംബരക്കാറും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ആർ. കുമാർ, എസ്.ഐമാരായ സന്തോഷ് എബ്രഹാം, പി.കെ ബാലചന്ദ്രൻ , എ.എസ്.ഐമാരായ ഒ.ജി ജിയോ, സാജൻ, എസ്. ഷാനവാസ്, സി.പി.ഒ മാരായ എ.വി വിപിൻ , സി.എ ജെറീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.