അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതികളായ 5,507 കേസുകൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ആറ് വർഷത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതികളായത് 5,507 കേസുകളിൽ. 2018 മുതൽ 2023 ആഗസ്റ്റ് 22 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരമാണിത്. ഇതിൽ 123 കൊലപാതകക്കേസുകളും 346 സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളും 308 പോക്സോ കേസുകളും ഉൾപ്പെടും.
2022ലാണ് ഏറ്റവും കൂടുതൽ കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്തത് -24 എണ്ണം. 2021ലും 2022ലുമാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകൾ കൂടുതൽ - 78 വീതം. പോക്സോ കേസുകളും 2022ൽതന്നെയാണ് കൂടുതൽ. 83 കേസുകളാണ് രേഖപ്പെടുത്തിയത്. ആകെ കേസുകളിൽ എറണാകുളം ജില്ലയിലാണ് കൂടുതൽ -2,505. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 879ഉം മൂന്നാം സ്ഥാനത്തുള്ള തൃശൂരിൽ 725ഉം കേസുകളുണ്ട്.
ആറ് വർഷത്തിനിടെ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് -20 കേസുകൾ. ആറുവർഷത്തിനിടെ റെയിൽവേ പൊലീസ് 92 കേസുകൾ വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആറുവർഷത്തെ കണക്കിൽ 2022ലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -1,348. 2020ലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് - 521.
അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലുള്ള വർധന കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരാൻ കാരണമായിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ രേഖകളില്ലാതെ കേരളത്തിൽ താമസിച്ച് ജോലി നോക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി നിരീക്ഷിക്കാൻ പൊലീസിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.