പാറക്വറിയിൽ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ
text_fieldsനേമം: അന്തിയൂർക്കോണം മൂങ്ങോട് നിന്നും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂങ്ങോട് സ്വദേശി അനൂപിനെ അറസ്റ്റ് ചെയ്തു. മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തനരഹിതമായ പാറ ക്വാറിയിൽ ഒളിപ്പിച്ചിരുന്ന 60 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
കഴിഞ്ഞ ഒന്നാം തീയതി പേയാട് പിറയിൽ അനീഷിന്‍റെ വീട്ടിൽ നിന്നും 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനീഷ് വി.ആർ.എൽ പാർസൽ കൊറിയർ വഴി കരമനയിൽ എത്തിച്ച കഞ്ചാവ് നാലുപേർ ഓട്ടോറിക്ഷയിൽ കടത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അനൂപിനെ സംഘം പിടികൂടുകയും പാർസൽ സർവീസ് കേന്ദ്രത്തിൽ നിന്നും അനൂപ് ആണ് കഞ്ചാവ് പാക്കറ്റുകൾ അനീഷിന്‍റെ വീട്ടിൽ എത്തിച്ചത് എന്നു മൊഴി നൽകുകയും ചെയ്തിരുന്നു.
ക്വാറിയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ളതായി ഇയാളാണ് എക്സൈസിനോട് വെളിപ്പെടുത്തിയത്. എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് ടീമംഗങ്ങളും നെയ്യാറ്റിൻകര എക്സൈസ് സർക്കിളും സംഘവുമാണ് പേയാട് പിറയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വിനോദ് കുമാർ, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് തലവൻ ആർ. രാജേഷ്, സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് റാവു, എക്‌സൈസ് ഇൻസ്‌പെക്ടർ ആദർശ്, അജയകുമാർ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറും കാട്ടാക്കട എക്‌സൈസ് റേഞ്ച് സംഘവും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.