എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75കാരന് 26 വർഷം തടവ്
text_fieldsതൃശൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75കാരന് 26 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം ആറ്, അഞ്ച് (എം, എൽ) വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം 363 വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം 506 വകുപ്പ് പ്രകാരം ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം പത്തുമാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ക്രിമിനൽ നടപടി ചട്ടം 357 (ഒന്ന്) പ്രകാരം അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
2018ലാണ് കേസിനാസ്പദമായ സംഭവം. കളിക്കാൻ പോയിരുന്ന ബാലികയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെകർ സി. വിജയകുമാരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം
തലശ്ശേരി: മാനന്തവാടി കാട്ടിക്കുളത്തെ എടവാട്ടൻ നാസറിനെ (36) കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പയ്യന്നൂർ പിലാത്തറ താഴത്തെ പുരയിൽ ടി.പി. ശിവാനന്ദൻ എന്ന പ്രകാശനെ(49)യാണ് അഡീഷനൽ ജില്ല സെഷൻസ് (രണ്ട്) ജഡ്ജി കെ. ഷൈൻ ശിക്ഷിച്ചത്. പിഴസംഖ്യ ഈടാക്കിയാൽ കൊല്ലപ്പെട്ട നാസറിന്റെ ഭാര്യക്കും മക്കൾക്കും നൽകണം. പിഴയടക്കാത്തപക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കണം.
2006 ജനുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ കൊട്ടിയൂർ ക്ഷേത്രത്തിനടുത്ത റോഡിലായിരുന്നു കൊലപാതകം. ഇറച്ചിക്കട ഉടമയാണ് കൊല്ലപ്പെട്ട നാസർ. കൊട്ടിയൂർ ചുങ്കക്കുന്നിലെ ഇറച്ചിക്കടയിൽനിന്ന് മോട്ടോർ ബൈക്കിൽ മാനന്തവാടിയിലേക്ക് പോകവെ പ്രതി ബൈക്ക് തടഞ്ഞ് നിർത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ശിവാനന്ദന്റെ ഭാര്യയും കൊല്ലപ്പെട്ട നാസറും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. നാസറിന്റെ കടയിൽ ജോലി ചെയ്ത കൊയിലേരി പയ്യംപള്ളി ചീരാംകുഴിയിൽ ജോണിയുടെ പരാതിയിലാണ് കേസെടുത്തത്.
26 സാക്ഷികളെ വിസ്തരിച്ചു. ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ചതെങ്കിലും അഞ്ചര വർഷം അനുഭവിച്ച ജയിൽവാസം ശിക്ഷയിൽ ഇളവുചെയ്യാമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡർ കെ.പി. ബിനീഷ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.