അമേരിക്കയിൽ എട്ട് വയസുകാരന്‍റെ വെടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു; ദുരന്തം പിതാവിന്‍റെ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ
text_fieldsവാഷിങ്ടൺ: ഫ്ലോറിഡയിൽ പിതാവിന്‍റെ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ എട്ട് വയസുകാരന്‍റെ വെടിയേറ്റ് ഒരുവയസുകാരി മരിച്ചു. പിതാവിന്റെ കാമുകിയുടെ കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടർന്ന് കുട്ടിയുടെ പിതാവ് റോഡ്രിക് റാൻഡലിനെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 45കാരനായ റാൻഡലിനെ അറസ്റ്റ് ചെയ്തതത്.
തന്‍റെ കാമുകിയെ കാണാനായി മകനോടൊപ്പം ഹോട്ടലിലെത്തിയതായിരുന്നു റാൻഡൽ. കാമുകി രണ്ടുവയസുള്ള ഇരട്ടകുട്ടികളെയും ഒരുവയസുള്ള മകളെയും കൂടെ കൂട്ടിയിരുന്നു. തുടർന്ന് റാൻഡൽ പുറത്തേക്ക് പോയ സമയത്ത് തോക്ക് എവിടെയാണ് വെച്ചതെന്ന് മനസിലാക്കിയ കുട്ടി തോക്ക് എടുത്ത് കളിക്കുകയും ഒരുവയസുള്ള കുഞ്ഞിന് വെടിയേൽക്കുകയായിരുന്നു. കൂടാതെ രണ്ടുവയസുള്ള ഇരട്ടകളിൽ ഒരാൾക്കും വെടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ റാൻഡലിന് തോക്ക് കൈവശം വെക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് നേരത്തെയും സമാന സംഭവങ്ങൾ നടന്നിരുന്നു. ക്ലോസറ്റുകൾ, ഡ്രോയറുകൾ, പേഴ്‌സുകൾ എന്നിവിടങ്ങളിൽ അശ്രദ്ധമായി സൂക്ഷിച്ച ലോഡുചെയ്ത തോക്കുകൾ എടുത്ത് കുട്ടികൾ അബദ്ധവശാൽ സ്വയമോ അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ വെടിവയ്ക്കുന്ന കേസുകൾ കൂടിവരുന്നതായി എവരിടൗൺ ഫോർ ഗൺ സേഫ്റ്റി റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ 'മനപ്പൂർവമല്ലാത്ത വെടിവയ്പ്പുകൾ' ഓരോ വർഷവും ശരാശരി 350 മരണങ്ങൾക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൺ വയലൻസ് ആർക്കൈവ് വെബ്‌സൈറ്റിലെ കണക്കുകളനുസരിച്ച് ആത്മഹത്യകൾ ഉൾപ്പെടെ അമേരിക്കയിൽ പ്രതിവർഷം ഏകദേശം 40,000 മരണങ്ങൾക്ക് തോക്കുകൾ കാരണമാകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.