കയർ വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടി; നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ
text_fieldsചേര്‍ത്തല: ചെറുകിട കയർ വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിയ സംഘത്തിലെ നാലുപേരെ തമിഴ്നാട്ടിൽനിന്ന് ചേര്‍ത്തല പൊലീസ് പിടികൂടി. ചേര്‍ത്തല നഗരസഭ 11ാം വാര്‍ഡ് പുഷ്പാ നിവാസില്‍ കൃഷ്ണപ്രസാദിന്റെ പണമാണ് നഷ്ടമായത്. ഹോട്ടലുകളുടെ റേറ്റിങ് ഉയര്‍ത്തിക്കാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പ് വഴിയായിരുന്നു തട്ടിപ്പ്. കോയമ്പത്തൂര്‍ കളപ്പനായ്ക്കല് ഖാദര്‍മൊയ്തീന്‍ (44), സോമയംപാളയം മരതരാജ്(36), വേലാണ്ടിപാളയം ഭുവനേശ്വര നഗര്‍ രാമകൃഷ്ണന് (50), വേലാട്ടിപാളയം തങ്കവേല്‍ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തുനല്കിയവരാണ് ഇവർ.
പിടിയിലായ തങ്കവേലു, രാമകൃഷ്ണന് എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചത്. ഈ അക്കൗണ്ടുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. പൊലീസ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കുടുക്കിയത്.
പരാതിക്കാരനെ വാട്ട്സ്ആപ് കോളിലൂടെ ബന്ധപ്പെട്ട് ആപ്പിൽ ഉൾപ്പെടുത്തി ചെറിയ തുകകള്‍ കൈമാറ്റം നടത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം കോയമ്പത്തൂരില്‍ പ്രതികളെ തേടിയെത്തിയത്. എ.എസ്.പി ഹരീഷ് ജയിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടര്‍മാരായ കെ.പി. അനില്‍കുമാര്‍, സി.പി.ഒമാരായ സബീഷ്, അരുണ്‍, പ്രവേഷ്, ധന്‍രാജ് ഡി. പണിക്കര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രധാനികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി സ്റ്റേഷന് ഓഫിസര്‍ ജി. അരുണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.