വയോധികനെ വെട്ടി കൊലപ്പെടുത്തിയ കേസ്; വിധി പറയേണ്ട ദിവസം പ്രതി മുങ്ങി
text_fieldsകഴക്കൂട്ടം: കൊലക്കേസിലെ വിധി കോടതി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി. വിചാരണ പൂര്‍ത്തിയായ കേസില്‍ കുറ്റക്കാരനാണോ അല്ലയോ എന്നതടക്കമുള്ള വിധി പറയാന്‍ ഇരിക്കവെയാണ് പ്രതിയുടെ മുങ്ങല്‍. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരത്ത് വാടകയ്ക്ക് താമസിക്കുന്ന കരിക്കകം സ്വദേശി ബൈജുവാണ് മുങ്ങിയത്.
ആറാം അഡിഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ അടിക്കാന്‍ പോയിരിക്കുന്നതായി അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് കോടതി വീണ്ടും രണ്ട് തവണ പരിഗണിച്ചപ്പോഴും പ്രതി എത്തിയില്ല. അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പിന്നാലെ പൊലീസ് ബൈജുവിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. എന്തായാലും ജയിലിൽ പോകുമെന്നും അതിനു മുന്നോടിയായി കള്ളുകുടിച്ച് ആഘോഷിച്ചതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ റിമാൻഡ് ചെയ്തു. 2022 ജൂണ്‍ 17ന് കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിമിനെ (64) ആണ് വെട്ടി കൊലക്കെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാനെത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ച് നിന്നു. ഇതിനിടെ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രകോപിതനാക്കി. കൈയിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.