വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ജനകീയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; പൊലീസിന് രൂക്ഷ വിമർശനം
text_fields കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ കൽപറ്റ അഡ് ലേഡ് സ്വദേശി വിശ്വാനാഥന്റെ മരണം കൊലപാതകമാകാനാണ് സാധ്യതയെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരന്റെ നേതൃത്വത്തിലുള്ള ഐക്യദാർഢ്യ സമിതി നടത്തിയ ജനകീയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പൊലീസിനെതിരെയും രൂക്ഷവിമർശനമുണ്ട്.
പാറവയൽ കോളനിയിലെ സോമന്റെയും പാറ്റയുടെയും ഏഴു മക്കളിൽ നാലാമനായ വിശ്വനാഥനെ കഴിഞ്ഞ ഫെബ്രുവരി 11നാണ് മെഡിക്കൽ കോളജ് പരിസരത്ത് ആളൊഴിഞ്ഞ പറമ്പിലെ ഉയരമുള്ള മരക്കൊമ്പിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വിശ്വനാഥനെ ഫെബ്രുവരി 10ന് പുലർച്ച കാണാതാവുകയായിരുന്നു. 10ന് പകലും രാത്രിയും തൂങ്ങിമരിച്ച സ്ഥലത്തടക്കം പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 11ന് രാവിലെയാണ് മൃതദേഹം കാണുന്നത്. മോഷണക്കുറ്റം ആരോപിച്ച് രാത്രി ഒരു കൂട്ടം മർദിച്ചതായി വിശ്വാനാഥൻ ഭാര്യയുടെ അമ്മയോട് പറഞ്ഞതിനുശേഷമാണ് കാണാതാവുന്നത്.
മെഡിക്കൽ കോളജ് പരിസരം പോലെ ആൾക്കൂട്ടവും ബഹളവും നിറഞ്ഞ പ്രദേശത്തുനിന്ന് ഒരു ആദിവാസി യുവാവ് ഇരുളിലേക്ക് ഓടിമറഞ്ഞുവെന്ന് ബന്ധുക്കൾ സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടും ആർ.ഡി.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, താഴെയിറക്കി ആത്മഹത്യയെന്ന് വരുത്തി ഫയൽ അവസാനിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉയരത്തിലുള്ള മരത്തിൽ കയറാൻ വിശ്വനാഥന് കഴിയില്ലെന്ന് ജ്യേഷ്ഠനടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്കുപോലും തയാറായില്ലെന്നതടക്കം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.
പരാതിയുമായി ചെന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ വിശ്വനാഥനെതിരെ മോഷണ പരാതിയുണ്ട് എന്നുപറഞ്ഞ് മോശമായി പെരുമാറാനാണ് ശ്രമിച്ചതെന്ന് സഹോദരൻ വിനോദ് പറയുന്നു. എന്നാൽ, തുടർന്ന് അന്വേഷിച്ചപ്പോൾ ആ ദിവസങ്ങളിൽ മോഷണമോ പരാതിയോ മെഡിക്കൽ കോളജ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്നോ സുരക്ഷ ജീവനക്കാരിൽനിന്നോ ഉണ്ടായിട്ടില്ലെന്നാണ് അറിഞ്ഞത്. റീ പോസ്റ്റ് മോർട്ടം വേണമെന്ന സഹോദരന്റെ ആവശ്യത്തിലും തുടർ നടപടി ഉണ്ടായില്ല. വിശ്വനാഥന്റെ മൊബൈൽ ഫോണിൽനിന്ന് അവസാനമായി മൂന്നു തവണ വിളിക്കാൻ ശ്രമിച്ചത് പൊലീസ് ആസ്ഥാനത്തെ ടോൾഫ്രീ നമ്പറിലേക്കാണ്. തൂങ്ങി മരിക്കാൻ പോകുന്ന ഒരാൾ എന്തിന് പൊലീസിനെ വിളിക്കണമെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലീസ് അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ആദിവാസി വിരുദ്ധ വംശീയതയും പൊതുബോധവും വിശ്വനാഥന്റെ കാര്യത്തിലും പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോ. പി.ജി. ഹരി (ആരോഗ്യ ജാഗ്രത), കെ. കാർത്തികേയൻ (ബ്രാഹ് മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധമുന്നണി), സി.പി. നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം), മുഹമ്മദ് ഹനീൻ (ഡി.എസ്.എ), ഷാജഹാൻ (മനുഷ്യാവകാശ പ്രവർത്തകൻ), ഷാന്റോ ലാൽ (പോരാട്ടം), ഗൗരി വയനാട് (ആദിവാസി മനുഷ്യാവകാശ പ്രവർത്തക), വിൻസെന്റ് തടമ്പാട്ടുതാഴം (വിവരാവകാശ പ്രവർത്തകൻ) എന്നിവരും വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രത്യക്ഷ സമരവുമായി രംഗത്തു വരും - ഐക്യദാർഢ്യ സമിതി
കൽപറ്റ: വിശ്വനാഥന്റെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്ന് ഐക്യദാർഢ്യ സമിതി ഭാരവാഹികളും വിശ്വനാഥന്റെ കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമപോരാട്ടം തുടരും. വിശ്വനാഥെൻറ അസ്വാഭാവിക മരണത്തിന് പിന്നിലെ യഥാർഥ ചിത്രം പുറത്തുകൊണ്ടു വന്നു നിയമനടപടികൾ ആരംഭിക്കണം. കോടതിയുടെയോ മറ്റേതെങ്കിലും ഏജൻസിയുടെയോ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണം.
അനാഥമായ വിശ്വനാഥന്റെ കുടുംബത്തിന് അർഹമായ എല്ലാ അവകാശങ്ങളും ഉടൻ ലഭ്യമാക്കുന്നതോടൊപ്പം ഭാര്യ ബിന്ദുവിന് ആശ്രിത നിയമനം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുമായി ജോലിക്കുപോകാൻപോലും കഴിയാത്ത അവസ്ഥയാണെന്നും വാഗ്ദാനം ചെയ്ത ജോലി അടിയന്തരമായി ലഭ്യമാക്കണമെന്നും വിശ്വനാഥന്റെ ഭാര്യ ബിന്ദു പറഞ്ഞു. വാർത്ത സമ്മേളനത്തിൽ അഡ്വ. പി.എ. പൗരൻ, ഡോ. പി.ജി. ഹരി, വിശ്വനാഥന്റെ ഭാര്യയുടെ അമ്മ ലീല എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.