സംസ്ഥാനമൊട്ടാകെ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘം പിടിയിൽ
text_fieldsകരുനാഗപ്പള്ളി: സംസ്ഥാനത്തൊട്ടാകെ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടിൽ കപ്യാർകുന്നേൽ സുനീഷ് (28), ഇടുക്കി മണിയാർകുടി പടിഞ്ഞാറെക്കര വീട്ടിൽ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയിൽ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടിൽ വിനോദ് (46) എന്നിവരാണ് പിടിയിലായത്.
നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിക്കുന്നത്.
കരുനാഗപ്പള്ളി വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് രണ്ട് തവണകളിലായി 94.5 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 3.71 ലക്ഷം രൂപ തട്ടുകയായിരുന്നു.
പണയ സ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സമർപ്പിച്ച തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ആദ്യം നിഷാദ് പിടിയിലാവുകയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവർക്ക് എല്ലാ ജില്ലകളിലും പണയം വെക്കുന്നതിന് ഏജന്‍റുമാർ പ്രവർത്തിച്ചുവരുന്നുണ്ട്. സുഭാഷാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കി 916 മുദ്ര പതിച്ചുനൽകുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തട്ടിപ്പ് നടത്തിയതിന് പ്രതികൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ, ഇൻസ്പെക്ടർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻ പിള്ള, ശ്രീകുമാർ, കലാധരൻ പിള്ള, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, അജി, അജയൻ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.