‘ഗജിനി’ മാതൃകയിൽ ശരീരത്തിൽ 22 ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയയാൾ കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്റ്റിൽ
text_fieldsമുംബൈ: തന്നെ അപായപ്പെടുത്താൻ സാധ്യതയുള്ള 22 ശത്രുക്കളുടെ പേരുകൾ ശരീരത്തിൽ പച്ചകുത്തിയയാൾ സ്പായിൽ കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരു വാഗ്മരെയാണ് (48) സെൻട്രൽ മുംബൈയിലെ സോഫ്റ്റ് ടച്ച് സ്പായിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് ഷെരേഖർ, ഫിറോസ് അൻസാരി, സാഖിബ് അൻസാരി എന്നിവരാണ് പിടിയിലായത്.
ശത്രുക്കളേറെ ഉണ്ടായിരുന്ന വാഗ്മരെ ‘ഗജിനി’ സിനിമ മാതൃകയിൽ ശരീരത്തിൽ ഓരോരുത്തരുടെയും പേരുകൾ പച്ചകുത്തിവെക്കുകയായിരുന്നു. ഇതിൽ ഒരാൾ കൊലപാതകം നടന്ന സ്പായുടെ ഉടമ സന്തോഷ് ഷെരേഖർ ആയിരുന്നു. വാഗ്മരെയുടെ നിരന്തര ഭീഷണി കാരണം സന്തോഷ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനായി മുഹമ്മദ് ഫിറോസ് അൻസാരി എന്നയാൾക്ക് ആറ് ലക്ഷം രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. അൻസാരിയുടെ ഉടമസ്ഥതയിലുള്ള സ്പാ വാഗ്മരെയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം പൂട്ടിയതിനാൽ ഇയാൾക്കും ശത്രുതയുണ്ടായിരുന്നു. സ്പാ ഉടമകളെ വാഗ്മരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് അവസാനിപ്പിക്കാൻ സന്തോഷും ഫിറോസ് അൻസാരിയും കൈകോർക്കുകയും സാഖിബ് അൻസാരി എന്നയാളെ കൂടി കൊലപാതകത്തിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു. മൂന്ന് മാസം മുമ്പ് തന്നെ ഇതിനുള്ള ഗൂഢാലോചന നടന്നിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
വനിത സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ച ശേഷം സ്പായിലേക്ക് പോയ വാഗ്മരെയെ പിന്തുടർന്ന ഫിറോസ് അൻസാരി, സാഖിബ് അൻസാരി എന്നിവർ പുലർച്ചെ 1.30ഓടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട വാഗ്മരെക്കെതിരെ സ്പാ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ, ബലാത്സംഗം, പിടിച്ചുപറി എന്നിവയിൽ മുംബൈ, നവി മുംബൈ, താനെ, പാർഘർ എന്നിവിടങ്ങളിലെല്ലാം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.