‘ഓറഞ്ച് ലൈൻ’ വിഭാഗത്തിൽപെടുന്ന ഹെറോയിനും കഞ്ചാവുമായി ‘ബംഗാളി ബീവി’യും സുഹൃത്തും പിടിയിൽ
text_fieldsആലുവ: സംസ്ഥാനത്തേക്ക് ഉത്തരേന്ത്യയിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളായ അന്തർ സംസ്ഥാനക്കാരായ രണ്ടുപേർ എക്സൈസ് പിടിയിൽ. അസം നൗഗോൺ അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് -24), പശ്ചിമബംഗാൾ നോവപാറ മാധവ്പുർ സ്വദേശിനി ടാനിയ പർവീൻ (18) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷൽ സ്ക്വാഡ് എന്നിവരുടെ നീക്കത്തിൽ പിടിയിലായത്. ആലുവക്കടുത്ത് മുപ്പത്തടത്ത് ഇവർ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എക്സൈസ് ഇവരെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് ‘ഓറഞ്ച് ലൈൻ’ വിഭാഗത്തിൽപെടുന്ന അത്യന്തം വിനാശകാരിയായ 33ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
ഇടപാട് നടത്താൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോൺ, 19,500 രൂപ, മയക്കുമരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ എന്നിവയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് പിടികൂടുമ്പോൾ, ഇവർക്ക് ലഭിച്ച ഓർഡർ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയിൻ 200 ചെറിയ കുപ്പികളിലാക്കി വിൽപനക്ക് തയാറാക്കിയ നിലയിലായിരുന്നു. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൻ അടങ്ങിയ രണ്ട് പ്ലാസ്റ്റിക് ബോക്സും മയക്കുമരുന്ന് നിറക്കുന്നതിന് സൂക്ഷിച്ച 550 ചെറിയ കാലിക്കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. 100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിൻ 3000 രൂപക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 10 ലക്ഷത്തോളം മതിപ്പുവില വരും. കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ആവശ്യപ്രകാരമാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഈ ഇനത്തിൽപെടുന്ന മയക്കുമരുന്ന് അഞ്ച് ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.
ഉപഭോക്താക്കളുടെ ഇടയിൽ ‘ബംഗാളി ബീവി’ എന്നറിയപ്പെടുന്ന ടാനിയ പർവീൻ, ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ കെട്ടിവെച്ചാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. രണ്ടു മാസം മുമ്പ് മയക്കുമരുന്നുമായി പിടിയിലായ ആളിൽനിന്ന് ലഭിച്ച വിവരപ്രകാരം ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഓർഡർ അനുസരിച്ച് മയക്കുമരുന്ന് എത്തിച്ച ശേഷം ആവശ്യക്കാർക്ക് കൈമാറി ഒരാഴ്ചക്കകം ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാർ വഴി ഇവർ വ്യത്യസ്തസ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. പിടികൂടുന്നതിനിടെ ബഹറുൾ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിന്റെ പിൻവാതിൽ വഴി കുതറി ഓടാൻ ശ്രമിച്ചിരുന്നു. പിടിയിലായ സമയം മാരക ലഹരിയിലായിരുന്ന ടാനിയ പർവീൻ അലറി വിളിച്ചത് കണ്ടുനിന്ന നാട്ടുകാരിൽ ഭീതി പടർത്തി.
മയക്കുമരുന്ന് എത്തിക്കുന്നത് അസമിൽനിന്ന്
കൊച്ചി: കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്നത് അസമിലെ കരീംഗഞ്ചിൽനിന്ന്. ആലുവയിൽ മയക്കുമരുന്നുമായി പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘം ഈ പ്രാഥമിക നിഗമനത്തിലെത്തിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ‘ഓറഞ്ച് ലൈൻ’ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്ന് വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാലും ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും. ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തക്കുഴൽ തടസ്സപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇവരുടെ ഇടപാടുകാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സ്പെഷൽ സ്ക്വാഡിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്, പ്രിവന്റിവ് ഓഫിസർമാരായ സി.പി. ജിനേഷ് കുമാർ, ടി.ടി. ശ്രീകുമാർ, സജോ വർഗീസ്, വനിത സി.ഇ.ഒ സരിത റാണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.