മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം കർണാടക സ്വദേശിയെ വീട്ടില്‍ കെട്ടിയിട്ടു
text_fieldsഉപ്പള: കര്‍ണാടക സ്വദേശിയെ മൊബൈല്‍ ഫോണും പണവും കവര്‍ന്നതിനുശേഷം കഞ്ചാവുസംഘം ആളില്ലാ വീട്ടില്‍ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉപ്പള പത്വാടി കണ്‍ച്ചിലയിലാണ് സംഭവം.
രാവിലെ 11 മണിയോടെ ഉപ്പളയില്‍ നില്‍ക്കുകയായിരുന്ന കുന്താപുരം സ്വദേശിയെ കഞ്ചാവ് ലഹരിയിലെത്തിയ മൂന്നംഗ സംഘം കവര്‍ച്ചക്കിരയാക്കി. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചശേഷം ഓട്ടോയില്‍കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ യുവാവിനെ സംഘം ഓട്ടോയില്‍ ബലമായി പിടിച്ചുകയറ്റി.
തുടർന്ന് പത്വാടി കണ്‍ച്ചിലയിലെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നുവത്രെ. കീശയിലുണ്ടായിരുന്ന പണംകൂടി കവർന്ന് വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ കെട്ടിയിട്ടു. അബോധാവസ്ഥയിലായ ഇയാൾക്ക് വൈകീട്ടോടെയാണ് ബോധം തിരിച്ചുകിട്ടിയത്.
വീട്ടിനകത്തുനിന്ന് നിലവിളികേട്ട ഒരു സ്ത്രീ മുഖേന വിവരമറിഞ്ഞ മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും എത്തിയാണ് രക്ഷപ്പെടുത്തി സ്‌റ്റേഷനില്‍ എത്തിച്ചത്. യുവാവിന് പരാതി ഇല്ലാത്തതിനെ തുടര്‍ന്ന് രാത്രിതന്നെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.