നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
text_fieldsആലുവ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി കവർച്ച കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. പാലക്കാട് കഞ്ചിക്കോട് ചെമ്മണംക്കാട് ഈട്ടുങ്കൽപ്പടി വീട്ടിൽ ബിനീഷ് കുമാർ (കുട്ടാപ്പി- 46) എന്നയാളെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുന്നത്തുനാട്, തൃശൂർ വെസ്റ്റ്, കൊല്ലം ഈസ്റ്റ്, വാളയാർ, ആലത്തൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്ത് കവർച്ച നടത്തിയതിന് നിരവധി കേസുണ്ട്. പത്രങ്ങളിൽ വിവാഹ പരസ്യങ്ങൾ നൽകി ആളുകളെ പെണ്ണ് കാണൽ ചടങ്ങിനും മറ്റുമായി ഇയാള് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അവരെ സംഘം ചേർന്ന് ദേഹോപദ്രവം ചെയ്ത് പണവും, ആഭരണങ്ങളും, മൊബൈൽഫോണും, എ.ടി.എം കാർഡും, പിൻ നമ്പറും കൈവശപ്പെടുത്തും.
ഈ പിൻ നമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ സെപ്റ്റംബറിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഴുവന്നൂർ നെല്ലാടുള്ള ആയുർവേദ മരുന്ന് കമ്പനിയുടെ മാർക്കറ്റിംഗ്- ബിസിനസ് സാധ്യതകൾ സംസാരിക്കാനെന്ന വ്യാജേനെ കമ്പനി ഉടമയെ ഈറോഡ് ജില്ലയിലെ ഗോപി ചെട്ടിപാളയത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഉടമയെയും ഡ്രൈവറേയും തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച് 42 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പഴ്സും, എ.ടി.എം കാർഡും കൈവശപ്പെടുത്തി ഒരു ലക്ഷം രൂപയോളം കവർന്നു.
ഈ കേസിൽ ഇയാളെ സെപ്റ്റംബർ നാലിന് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനീഷ് കുമാർ, ഡിസംബറിൽ കഞ്ചിക്കോട്ട് ഭാഗത്ത് രണ്ട് കാറുകൾ അപകടത്തിൽപ്പെട്ട് വാഹനത്തിലുണ്ടായിരുന്നവർ വാക്ക് തർക്കം നടക്കുന്ന സമയം മധ്യസ്ഥനെന്ന വ്യാജേന ഇടപെടുകയും, അപകടത്തിൽപ്പെട്ട ഒരു കാർ കൂട്ടാളികളുമായി ചേർന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിക്കുകയും വാളയാർ കവർച്ച കേസിൽ പ്രതിയാവുകയും ചെയ്തതിനെ തുടർന്ന് കുന്നത്തുനാട് പൊലീസിന്റെ അപേക്ഷയില് കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം കുന്നത്തുനാട് ഇൻസ്പെക്ടർ സുധീഷിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ വി.പി.സുധീഷ്, എസ്.ഐ എ.എൽ.അഭിലാഷ്, സി.പി.ഒമാരായ ടി.എ.അഫ്സൽ, വർഗീസ് ടി.വേണാട്ട്, പി.ആർ.ശ്രീജിത്ത് എന്നിവരടങ്ങുന്ന പ്രത്യേക ടീം പാലക്കാടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 51 പേരെ നാട് കടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.