വ്യാപാരിയുടെ വീട്ടിലെ കവർച്ച; അടിമുടി ദുരൂഹത
text_fieldsഅഞ്ചൽ: ഇടമുളയ്ക്കലിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 23 ലക്ഷം രൂപ അപഹരിക്കപ്പെട്ടതിൽ അടിമുടി ദുരൂഹത. ഇത്രയധികം പണം വീട്ടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിവുള്ളവർ സംഭവത്തിന് പിന്നിലുണ്ടാകാമെന്നാണ് നിഗമനം.
നട്ടുച്ച നേരമായിരുന്നിട്ടും നാല് പേർ ഇവിടെ എങ്ങനെയെത്തിയെന്നോ ഇവർ ഏതുതരം വാഹനമാണ് ഉപയോഗിച്ചിരുന്നതെന്നോ കണ്ടെത്താനായിട്ടില്ല. വീടിന്റെ മുകൾ നിലയിൽ നിന്ന് കണ്ടെടുത്ത നാല് ഗ്ലൗസുകൾ ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. വ്യാപാരി നസീറിന്റെ മകൻ ഷിബിനെ അക്രമികൾ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചുവെങ്കിലും കാര്യമായ മുറിവേറ്റിട്ടില്ല.
വീട്ടിൽ കണ്ടെത്തിയ ബിയർ കുപ്പി നല്ല രീതിയിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളായ സ്ത്രീകളെക്കണ്ട് മോഷ്ടാക്കൾ മുകൾ നിലയിൽ നിന്ന് ചാടി വീടിന്റെ പിന്നാമ്പുറത്തു കൂടി ഓടി രക്ഷപെട്ടുവെന്ന് പറയുന്നുവെങ്കിലും അതിനുള്ള സാധ്യത എളുപ്പമല്ല. മാത്രവുമല്ല, മറ്റാരും തന്നെ മോഷ്ടാക്കളെ കണ്ടിട്ടുമില്ല.
ഇത്തരം കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടിലോ പരിസരത്തോ സി.സി.ടി.വി കാമറയില്ലാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. മുറിവും ക്ഷതവുമേറ്റ നിലയിൽ നസീറിന്റെ മകൻ ഷിബിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.