സ്ത്രീക്ക് വെട്ടേറ്റ സംഭവം; പ്രതി ഇപ്പോഴും കാണാമറയത്ത്
text_fieldsഫയറൂസ്
എടക്കാട്: ഒ.കെ.യു.പി സ്കൂളിന് സമീപം സ്ത്രീക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ. സ്കൂളിനടുത്തുള്ള അംഗൻവാടിക്ക് സമീപം സാബിറക്കാണ് (45) സെപ്റ്റംബർ മൂന്നിന് പുലർച്ച വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശി ഫയറൂസാണ് ആക്രമിച്ചത്. അടുക്കള ഭാഗം ഗ്രിൽസിന്റെ പൂട്ട് മുറിച്ച് അകത്ത് കടന്നാണ് പ്രതി സ്ത്രീയെ ആക്രമിച്ചത്.
തലക്കും നെഞ്ചിനും കൈക്കും വയറിനും ഗുരുതര പരിക്കേറ്റ ഇവർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറിയെങ്കിലും സാധാരണ നില കൈവരിച്ചിട്ടില്ല. ഇതിനകം മൂന്ന് ശസ്ത്രക്രിയകൾ നടത്തി. വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന സാബിറയെ വിവരമറിഞ്ഞെത്തിയ എടക്കാട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ഒരാഴ്ചയിലധികം വെൻറിലേറ്ററിലായിരുന്നു. പ്രതി ഫയറൂസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതിന്റെ പേരിൽ കഴിഞ്ഞ ഡിസംബർ ഒമ്പതിന് ഇയാൾക്കെതിരെ എടക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടതായി കുടുംബം പറഞ്ഞു. അതിന് ശേഷം വീണ്ടും ഭീഷണി തുടർന്നതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പതിന് എടക്കാട് സ്റ്റേഷനിൽ കൊടുത്ത പരാതി നിലനിൽക്കേയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഫയറൂസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നതെന്നും പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം ത്വരിതഗതിയിൽ നടക്കുകയാണെന്നും ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലാടൻ പറഞ്ഞു.
ആക്രമണത്തിന് ശേഷം മോബൈൽ ഉപേക്ഷിച്ചാണ് പ്രതി ഒളിവിൽ പോയത്. ഇതും അന്വേഷണത്തിന് തടസ്സമാകുന്നതായി പൊലീസ് പറഞ്ഞു.അതിനിടെ രണ്ടാഴ്ചയിൽ കൂടുതലായിട്ടും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിർധന കുടുംബത്തിലെ വീട്ടമ്മയാണ് ആക്രമണത്തിനിരയായത്.
ആശുപത്രിയിലെ വലിയ ചെലവുകൾ സാബിറയുടെ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആറാം ക്ലാസിൽ പഠിക്കുന്ന ഷിഫ സ്കൂളിൽ പോവാതെ ആശുപത്രിയിൽ കഴിയുകയാണ്. ഇവരെ കൂടാതെ ഷഹല എന്ന മകളും അക്കൗണ്ടിങ്ങിന് പഠിക്കുന്ന ഷാനിദുൾപ്പെടെ സാബിറക്ക് മൂന്ന് മക്കളാണുള്ളത്. ആശുപത്രിയിൽ വലിയതുക ചെലവായതോടെ കുടുംബം ആശങ്കയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.