ഉപജീവനത്തിന് മദ്റസ ഫണ്ട് പിരിവ്; ഉറക്കം വിലക്കിയ മസ്ജിദിന് വ്യാജ ബോംബ് ഭീഷണി -മഹാരാഷ്ട്ര യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: മദ്റസക്ക് ഫണ്ട് പിരിവ് നടത്തി ഉപജീവനം നടത്തി വന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കർണാടക പോലീസ് ആന്ധ്ര പ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. ശിവജി നഗറിലെ മസ്ജിദിൽ തീവ്രവാദികൾ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ കേസിലാണ് സെയ്ദ് മുഹമ്മദ് അൻവറിനെ(37) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആന്ധ്രയിലെ കുർനൂളിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബി.എസ്.സി ബിരുദ ധാരിയായ യുവാവ് ജോലി ലഭിക്കാത്തതിനാൽ മദ്റസ ഫണ്ട് പിരിവ് ജീവിത മാർഗമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം അഞ്ചിന് പകൽ ശിവാജി നഗർ റുസ്സൽ മാർക്കറ്റിനടുത്ത മസ്ജിദിൽ ഫണ്ട് പിരിവിന് ശേഷം രാത്രി പള്ളിയിൽ കിടന്നുറങ്ങാൻ അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു.
ആന്ധ്ര പ്രദേശിലെ കുർനൂളിലേക്ക് ബസ് കയറിയ യുവാവ് ദേവനഹള്ളി പിന്നിട്ടപ്പോൾ എമർജൻസി ഹെൽപ് ലൈൻ നമ്പറായ 122 ൽ വിളിച്ച് പള്ളിയിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം നൽകുകയായിരുന്നു. തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. പൊലീസ്, അഗ്നിശമന സേന, ബോംബ് സ്ക്വാഡ്, പൊലീസ് നായ്ക്കൾ എന്നിവ മസ്ജിദിലും പരിസരത്തും രാത്രി മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത ശിവജി നഗർ പൊലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.