പഞ്ചാബിൽ എ.എ.പി പ്രവർത്തകനെ വെടിവെച്ചു കൊന്നു
text_fieldsചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊന്നു. തൽവണ്ടി മോഹർ സിങ് ഗ്രാമത്തിൽ നിന്നുള്ള രാജ്‌വീന്ദർ സിങ് (38) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രാജ്‌വീന്ദറിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.
പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായിരുന്നു രാജ്‌വീന്ദർ സിങ്. ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് വെടിയേറ്റത്. രാജ്‌വീന്ദറിന്‍റെ കാർ തടഞ്ഞു നിർത്തി ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു. പ്രതികൾ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ എത്തിയ അക്രമികൾ ആദ്യം രാജ്‌വീന്ദറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്തു. വെടിയുതിർത്തവർ മുഖം മറച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. രാജ്‌വീന്ദറിന് നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
രാജ്‌വീന്ദർ സിങ്ങിന്‍റെ മരണത്തിൽ പാർട്ടി അനുശോചനം രേഖപ്പെടുത്തി. പാർട്ടിയും സംസ്ഥാന സർക്കാറും രാജ്‌വീന്ദറിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് എ.എ.പി നേതാവും എം.പിയുമായ മൽവിന്ദർ സിങ് കാങ് പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.