രണ്ടര വയസുകാരിക്കുനേരെ ക്രൂരത: ചേർത്തുപിടിക്കേണ്ട കൈകൾ, നുള്ളിനോവിച്ചപ്പോൾ...ശിശുക്ഷേമ സമിതി പ്രതിക്കൂട്ടിൽ
text_fieldsതിരുവനന്തപുരം: ആരോരുമില്ലാത്ത കുരുന്നുകൾക്ക് ചേർത്തുപിടിച്ച് കരുതലാകേണ്ട കൈകൾ രണ്ടര വയസ്സുകാരിയെ നുള്ളിനോവിച്ചത് ഒന്നിലധികം തവണ. കിടക്കയിൽ മുള്ളുന്നതിനാണ് താൻ നുള്ളുവാങ്ങുന്നതെന്ന് തിരിച്ചറിയാത്ത പ്രായമാണവൾക്ക്. മാതാപിതാക്കളില്ലാത്ത രണ്ട് പെൺകുരുന്നുകളെ സി.ഡബ്ലിയു.സിയുടെ നേതൃത്വത്തിൽ ഒന്നര ആഴ്ച മുമ്പാണ് ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയത് അറസ്റ്റിലായ അജിതയാണെന്നാണ് പ്രാഥമിക നിഗമനം. മഹേശ്വരിയും സിന്ധുവും കുഞ്ഞിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും വിവരം പുറത്തുവരുന്നു. അജിത ക്രൂരമായി ഉപദ്രവിച്ചതറിഞ്ഞിട്ടും മറ്റ് രണ്ടുപേർ അത് മറച്ചുവെച്ചു.
വെള്ളിയാഴ്ച വൈകീട്ട് ക്രഷിലെ മറ്റൊരു ജീവനക്കാരി കുളിപ്പിക്കുമ്പോഴാണ് കുഞ്ഞ് വേദനിച്ച് കരഞ്ഞത്. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ പലയിടത്തും നഖം അമർന്ന പാട് കണ്ടെത്തി. ജീവനക്കാരി ഉടൻ മേലധികാരികളെ വിവരമറിയിച്ചു. രാത്രിതന്നെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയെയും അറിയിച്ചു. കുഞ്ഞ് ഉപദ്രവം നേരിട്ടതായി ബോധ്യപ്പെട്ടതോടെ മെഡിക്കൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ പൊലീസിൽ പരാതി നൽകി.
സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിബ ബീഗം തിങ്കളാഴ്ച ശിശുക്ഷേമസമിതി സന്ദര്ശിച്ചു. കുട്ടികൾക്കുനേരെയുള്ള ഒരു അതിക്രമവും മറച്ചുവെക്കേണ്ടതല്ലെന്ന നിലപാടുകൊണ്ടാണ് പരാതി നൽകിയതെന്ന് അരുൺഗോപി ‘മാധ്യമ’ത്തോട് പറഞ്ഞു. ശിശുക്ഷേമസമിതിയുടേത് ശക്തമായ നിലപാടാണ്. പരമാവധി ശിക്ഷ ഉറപ്പാക്കാൻ ശ്രമം നടത്തും. സമിതിയിൽ കുട്ടികൾക്കുനേരെ മുമ്പും അതിക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ ഇത്തരം പീഡനങ്ങൾ പതിവാണെന്ന് മുൻ ജീവനക്കാർ വെളിപ്പെടുത്തുകയാണ്.
പരിശീലനം നൽകിയിട്ടും മാറ്റമില്ല
സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ദത്തെടുക്കൽ കേന്ദ്രത്തിൽ (ആറ് വയസിൽ താഴെയുള്ള) 98 കുട്ടികളും സംരക്ഷണ കേന്ദ്രത്തിൽ (ആറ് വയസിന് മുകളിൽ 18 വരെ) 49 കുട്ടികളുമാണുള്ളത്. ഇവരെ നോക്കാൻ രണ്ട് ഷിഫ്ടുകളിലായി 103 ആയമാരുണ്ട്. ഇവർക്ക് കഴിഞ്ഞ 20 മാസത്തിനിടെ നാലുതവണയാണ് കുട്ടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകിയത്. എന്നിട്ടും പല ജീവനക്കാരുടെയും മനോഭാവത്തിൽ മാറ്റമുണ്ടായില്ലെന്നാണ് കഴിഞ്ഞദിവസത്തെ സംഭവത്തിൽനിന്ന് വ്യക്തമാകുന്നത്.
രാവിലെ എട്ടുമുതൽ വൈകീട്ട് 5.30 വരെയും വൈകീട്ട് 5.30 മുതൽ അടുത്തദിവസം രാവിലെ എട്ടുവരെയും നീളുന്ന രണ്ട് ഷിഫ്ടുകളാണുള്ളത്. പകൽ ഷിഫ്ടിന് 625 രൂപയും രാത്രി ഷിഫ്ടിന് 675 രൂപയുമാണ് പ്രതിദിന വേതനം. പല ആയമാരും വർഷങ്ങളായി ഇവിടെ ജോലിനോക്കുന്നവരാണ്.
രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച മൂന്ന് ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശി അജിത, ശ്രീകാര്യം സ്വദേശി മഹേശ്വരി, കല്ലമ്പലം സ്വദേശി സിന്ധു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മൂവർക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഉൾപ്പെടെ ഏഴ് ജീവനക്കാരെ ശിശുക്ഷേമ സമിതി പിരിച്ചുവിട്ടു. ബാലാവകാശ കമീഷൻ കേസെടുത്തു. അറസ്റ്റിലായ മൂന്ന് പേരും അഞ്ച് വർഷത്തിലേറെയായി ഇവിടെ താൽക്കാലിക ജീവനക്കാരാരാണ്. വെള്ളിയാഴ്ച വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് ഉപദ്രവം നേരിട്ട സംഭവം അറിഞ്ഞത്. ഉടൻ തന്നെ വിവരം ജനറൽ സെക്രട്ടറിയെ അറിയിച്ചു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺഗോപി തന്നെ പരാതി പൊലീസിന് നൽകുകയായിരുന്നു. കുട്ടിയെ വൈദ്യചികിത്സക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യംചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.