മധ്യവയസ്കന്റെ അപകട മരണം: നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
text_fieldsകട്ടപ്പന: വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ. കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോന്റെ (53) മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാറും വാഹനമോടിച്ച കരിക്കുമേട് ഉറുമ്പികുന്നേൽ നിഖിൽ രാജാണ് (കണ്ണൻ -27) സംഭവം നടന്ന് 37 ദിവസത്തിനുശേഷം പിടിയിലായത്.
ഡിസംബർ 24 ന് രാത്രി വെള്ളയാംകുടി റോഡിൽ മാസ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുഞ്ഞുമോനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. രാത്രിയായിട്ടും കുഞ്ഞുമോൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 26ന് ഹോട്ടലിന് സമീപത്തെ ഓടയിൽ കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹത തോന്നി ബന്ധുക്കൾ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് മരിച്ചതെന്ന് വ്യക്തമായത്.
അപകടമുണ്ടാക്കിയത് വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഇയോൺ കാറാണെന്ന് പൊലീസ് കണ്ടെത്തി. അപകടത്തിന് തൊട്ടു മുമ്പ് ഈ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ബങ്കിന് മുന്നിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കാർ കടന്നുപോയ സ്ഥലങ്ങളിലെ 55 സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം ഇടുക്കി, കോട്ടയം, എറണാകുളം, കമ്പം എന്നിവിടങ്ങളിലെ വർക്ക് ഷോപ്, വാഹന ഷോറൂം, പെയിന്റിങ് കട എന്നിവിടങ്ങളിൽനിന്ന് 1700 ഓളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.
540 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. സംഭവം നടന്ന സമയത്തെ വിവിധ ടവർ ലൊക്കേഷനുമായി ബന്ധപ്പെട്ട് 35,000 ഫോൺ കാളുകൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. അപകടശേഷം ബീഡിങ് ഇളക്കി മാറ്റി ഒളിപ്പിച്ചിരുന്ന കാർ തങ്കമണി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന ഉടൻ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തെളിവെടുപ്പിന് കൊണ്ടുപോകാൻ പ്രതിയെ സ്റ്റേഷനിൽനിന്ന് ഇറക്കിയപ്പോൾ മരിച്ചയാളുടെ ബന്ധുക്കൾ ഇയാൾക്കെതിരെ രോഷമുയർത്തി. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് നിഖിലിന് എതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്, സി.ഐ. വിശാൽ ജോൺസൻ, എസ്.ഐ. കെ. ദിലീപ്കുമാർ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ എബിൻ, സുനിൽ, രഞ്ജിത്, സുമേഷ്, ശ്രീജിത്ത്, ജിൻസ്, അനീഷ്, ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഗ്രേഡ് എസ്.ഐ വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരമാണ് കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.