മുൻ മിസ് കേരളയടക്കമുള്ളവരുടെ അപകട മരണം ചോദ്യമുനയിൽ നിരവധിപേർ; ഹാർഡ് ഡിസ്ക്ക് മുങ്ങിത്തപ്പും
text_fieldsകൊച്ചി: ദേശീയ പാതയിൽ മുൻ മിസ് കേരളയടക്കം ദുരൂഹ അപകടത്തിൽ മരിച്ച സംഭവത്തിൽ നിരവധി പേരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തൽ. അന്ന് പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു. 150ൽഅധികം പേർ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തെന്നാണ് അറിയുന്നത്.
വിവരങ്ങൾ രേഖപ്പെടുത്താതെ പാർട്ടിയിൽ പങ്കെടുത്തവരുമുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. ഇവരെക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചറിയുന്നുണ്ട്.
അതേസമയം, കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കണ്ടെത്താൻ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ കായലിൽ മുങ്ങിത്തപ്പാനാണ് തീരുമാനം. ഹോട്ടലുടമ റോയ് വയലാട്ടിെൻറ നിർദേശ പ്രകാരം ഡി.ജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്ക് കായലിൽ ഉപേക്ഷിച്ചെന്നാണ് ജീവനക്കാരുടെ മൊഴി. ഇത് പ്രകാരം ജീവനക്കാരെ സ്ഥലത്തെത്തിച്ച് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കായലിൽ മുങ്ങിത്തപ്പുകയെന്ന ശ്രമകരമായ നടപടി ഫയർഫോഴ്സ് സ്കൂബ സംഘത്തിെൻറ നേതൃത്വത്തിൽ ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന.
കേസിെൻറ ഭാഗമായി പ്രതികളുടെയും സംശയിക്കുന്നവരുടെയും ഫോൺരേഖകളും പൊലീസ് പരിശോധിക്കും. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിെൻറ നേതൃത്വത്തിലാണ് അന്വേഷണം. മുമ്പ് കേസന്വേഷിച്ചിരുന്ന എറണാകുളം അസി.കമീഷണർ വൈ.നിസാമുദ്ദീനെയും സി.ഐ എ. അനന്തലാലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.