മോപ്പഡ് യാത്രികന്റെ അപകട മരണം; നിർത്താതെ പോയ വാഹനം പിടികൂടി
text_fieldsഒറ്റപ്പാലം: ഉത്രാട പുലർച്ച കണ്ണിയംപുറത്ത് മോപ്പഡ് യാത്രക്കാനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ അജ്ഞാത വാഹനം ഒന്നര മാസത്തെ പരിശ്രമങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോറിയുടെ ഡ്രൈവർ തമിഴ്നാട് വെല്ലൂർ തിരുമംഗലം കാളിയമ്മൻ തെരുവിൽ മഹാലിംഗത്തെ (33) അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 20ന് പുലർച്ച 5.20ഓടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറത്താണ് അപകടം. പൊന്നാനിയിലേക്ക് മത്സ്യമെടുക്കാൻ പോവുകയായിരുന്ന പാലക്കാട് കിഴക്കഞ്ചേരി ഇളവംപാടം പുന്നപ്പാടം വീട്ടിൽ കാസിമിെൻറ മകൻ ജബ്ബാർ (52) സഞ്ചരിച്ച മോപ്പഡാണ് ഇടിച്ചിട്ടത്. റോഡിൽ വീണുകിടന്നിരുന്ന ജബ്ബാറിനെ ഹൈവേ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇദ്ദേഹം മരിച്ചിരുന്നു. ഇടിച്ച വാഹനം കടന്നുകളഞ്ഞതിനാൽ അന്വേഷണവും വഴിമുട്ടി.
മോപ്പഡിൽ മറ്റൊരു വാഹനം ഇടിച്ചതിനാലാണ് അപകടം സംഭവിച്ചതെന്ന നിഗമത്തിലെത്തിയ പൊലീസിന് വാഹനം കണ്ടെത്തൽ വെല്ലുവിളിയായി. ഒന്നര മാസം നീണ്ട പരിശോധനയിൽ നൂറുകണക്കിന് സി.സി.ടി.വികൾ പൊലീസ് പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്നാണ് ഇടിച്ച വാഹനത്തെ കുറിച്ച് സ്ഥിരീകരണം ലഭിച്ചത്. വാഹനം ഇടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഡ്രൈവർ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ വിൽപനയുമായി ബന്ധപ്പെട്ട ഓട്ടത്തിനിടയിലാണ് ലോറി മോപ്പഡുമായി ഇടിച്ചത്.
മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടം നടന്നിട്ടും നിർത്താതെ പോയതിനും മഹാലിംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷ്, ഒറ്റപ്പാലം സി.ഐ ബാബുരാജ്, ട്രാഫിക് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് വാഹനം കണ്ടെത്താൻ സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.