വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ
text_fieldsകിളികൊല്ലൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിലെ പ്രതികളെ കിളികൊല്ലൂർ പൊലീസ് പിടികൂടി. അയത്തിൽ നേതാജി നഗർ 89ലെ ചരുവിള വീട്ടിൽ ആർ. അജിത് (23), പെരിനാട് കാരിക്കൽ തെക്കതിൽ അതുൽ ജോയി (22), മങ്ങാട് റോസ് നഗർ മഞ്ജു ഭവനത്തിൽ അഖിൽ വിനോദ് (18), തൃക്കടവൂർ നീരാവിൽ കരോട്ട് കിഴക്കേതിൽ സഫാന (22) എന്നിവരാണ് പിടിയിലായത്.
മങ്ങാട് പള്ളിയിൽ കുർബാനക്ക് പോകാനായി വീട്ടിൽനിന്നിറങ്ങി നടന്നുവന്ന വയോധികയുടെ കഴുത്തിൽ കിടന്ന 10.5 പവൻ തൂക്കം വരുന്ന സ്വർണമാല നവംബർ എട്ടിന് രാവിലെയാണ് അപഹരിച്ചത്. കിളികൊല്ലൂർ കല തിയറ്റേഴ്സിന് സമീപം ബൈക്കിൽ വന്ന പ്രതികൾ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കൊണ്ടുപോകുകയായിരുന്നു. സിറ്റി പൊലീസ് മേധാവി രൂപവത്കരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഏകദേശം 200ൽപരം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെയും മറ്റും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.
ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയൽ ജില്ലകളിലേക്ക് കടക്കുകയും ചെയ്തു. ഒന്നാം പ്രതി അജിത് നാട്ടിൽ വന്നതായുള്ള രഹസ്യവിവരം ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ 13ന് ഇയാളെ കിളികൊല്ലൂർ ഇൻസ്പെക്ടർ എൻ. ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൃത്യം കഴിഞ്ഞ് തൊടുപുഴയിൽ ഒരു സലൂണിൽ ജോലിചെയ്തു വരുകയായിരുന്ന രണ്ടാം പ്രതിയായ അതുൽ ജോയിയെ പിടികൂടി.
പൊട്ടിച്ച മാല കൊല്ലത്ത് ഒരു ജ്വല്ലറിയിൽ വിൽക്കാൻ അതുൽ ജോയിയുടെ കൂട്ടുകാരിയായ സഫാനയെ ഏൽപിച്ചിരുന്നു. വിറ്റുകിട്ടിയ തുക തിരിച്ചേൽപിക്കുകയും ചെയ്തു. മാല പിടിച്ചുപറിക്കാൻ പോകുന്നതിനായി ബൈക്ക് നൽകിയതും തുടർന്ന് മാലപൊട്ടിച്ച ശേഷം വിശ്രമിക്കാൻ സ്ഥലം ഒരുക്കി നൽകിയതും മൂന്നാം പ്രതിയായ അഖിൽ വിനോദാണ്. പ്രതികൾ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.