ഭിന്നശേഷിക്കാരനിൽനിന്ന് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ
text_fieldsമാവേലിക്കര: വയോധികയും ഭിന്നശേഷിക്കാരനായ മകനും താമസിച്ചിരുന്ന വീട്ടിൽ സന്ദർശകനായി എത്തി 23 പവൻ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണമംഗലം, മറ്റം തെക്ക്, പാവൂർ കിഴക്കതിൽ, സാജൻ വർഗീസിനെയാണ് (49) മാവേലിക്കര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം വാഴക്കാലയിൽനിന്ന് അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ താമസിച്ചിരുന്ന വയോധിക ഭർത്താവിന്റെ മരണശേഷം ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്തി തട്ടാരമ്പലത്തെ കുടുംബവീട്ടിൽ താമസിച്ചുവരികയായിരുന്നു. മകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് സാജൻ വീട്ടിലെ സന്ദർശകനായത്.
ഇതിനിടെ മകനിൽനിന്ന് ചെറിയ തുകകൾ കൈക്കലാക്കിയിരുന്നു. 2022 ഫെബ്രുവരിയിൽ വീട്ടിൽ വയോധികയില്ലാത്ത സമയത്താണ് സ്വർണം കവർന്നത്. അലമാരയിൽ സൂക്ഷിച്ച സ്വർണം മകനെക്കൊണ്ട് പരിശോധിക്കാനെന്ന വ്യാജേന എടുപ്പിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
ഭയന്ന മകൻ അമ്മയിൽനിന്ന് സംഭവം ഒളിച്ചുവെച്ചു. പിന്നീട് മാതാവ് അലമാര നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിനൽകി.
എറണാകുളം വാഴക്കാലയിലെ ആഡംബര ഫ്ലാറ്റിൽ കെയർടേക്കറായി ജോലിചെയ്യുകയായിരുന്ന പ്രതി സാജൻ വർഗീസിനെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ, മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ സ്വർണം മാവേലിക്കരയിലെ വിവിധ സ്വർണപ്പണയ സ്ഥാപനങ്ങളിലും ഇടുക്കിയിലെ സ്ഥാപനത്തിലും പണയംവെച്ചതായി സമ്മതിച്ചു. ലഭിച്ച പണം മുഴുവൻ ആഡംബര ജീവിതത്തിനും ലഹരിക്കുമായാണ് ചെലവാക്കിയത്. മാവേലിക്കര സി.ഐ സി. ശ്രീജിത്, എസ്.സി.പി.ഒമാരായ സിനു വർഗീസ്, ജി. ഉണ്ണികൃഷ്ണപിള്ള, പി.കെ. റിയാസ്, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.