വയോധികയുടെ സ്വർണാഭരണവും പണവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
text_fieldsനിലമ്പൂർ: മകളുടെ വിവാഹത്തിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയിൽനിന്ന് രണ്ട് പവൻ ആഭരണവും 6000 രൂപയും തട്ടിയെടുത്ത കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.
അരീക്കോട് പൂവത്തിക്കൽ ഊർങ്ങാട്ടീരി പൂളക്കച്ചാലിൽ അബ്ദുൽ അസീസ് എന്ന അറബി അസീസിനെയാണ് (40) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശിനിയായ 70 കാരിയുടെ പരാതിയിലാണ് നടപടി. വയോധികയുടെ വീട്ടിലെത്തിയാണ് ഇയാൾ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയത്. ഇയാൾ വന്ന ഓട്ടോറിക്ഷയുടെ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചതോടെയാണ് കേസിന് തുമ്പായത്.
പിടിയിലായ അസീസിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കഞ്ചാവ് കേസുകളുണ്ട്. സമ്പന്നനായ അറബിയിൽനിന്ന് സഹായം വാങ്ങിനൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്നതാണ് പ്രതിയുടെ രീതി. അറബി കാണുമ്പോൾ സ്വർണം പാടില്ലെന്ന് പറഞ്ഞ് സ്ത്രീകളിൽനിന്ന് സ്വർണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. സ്ത്രീകളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരിൽനിന്ന് സ്വർണം തട്ടിയെടുക്കുകയും ചെയ്ത പരാതികളുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളാണ് തട്ടിപ്പിനിരയായവരിൽ അധികവും.
ഇടക്കാലത്ത് ഈ തട്ടിപ്പ് നിർത്തി ഇയാൾ ലഹരിക്കച്ചവടത്തിലേക്ക് മാറിയിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ലഹരിവസ്തുക്കളുടെ മൊത്തക്കച്ചവട ഇടനിലക്കാരനായും മാറി.
രണ്ടര കിലോ കഞ്ചാവുമായി കഴിഞ്ഞവർഷം ഇയാളെ കൊണ്ടോട്ടി പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് മധുരയിൽ 20 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു. ഇയാളുടെ കീഴിൽ ചെറുപ്പക്കാരായ യുവാക്കളുടെ ഒരുസംഘംതന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങൾക്ക് എസ്കോർട്ടും പൈലറ്റും പോകുന്നത്. ജില്ലയിൽ സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഗുണ്ട നിയമപ്രകാരം അറസ്റ്റിലായ അബ്ദുൽ അസീസ് ആറ് മാസത്തെ ജയിൽ വാസത്തിനുശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാൾക്ക് ജില്ലയിൽ പ്രവേശന വിലക്കുണ്ട്.
നിലമ്പൂരിലെ ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ വയോധികയിൽനിന്ന് അഞ്ച് പവൻ കവർന്ന കേസിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂർ ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം എസ്.ഐ അബൂബക്കർ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ രതീഷ്, സി.പി.ഒമാരായ വിനീഷ്, അലക്സ്, അരീക്കോട് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.