കൊലപാതകം ഉൾപ്പെടെ കേസുകളിലെ പ്രതി ഗുണ്ടാ നിയമപ്രകാരം വീണ്ടും അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസിലെ പ്രതിയെ രണ്ടാം തവണയും ഗുണ്ടാനിയമപ്രകാരം (കാപ്പ) പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. മണക്കാട് കുര്യാത്തി പുത്തൻകോട്ട ദേവിനഗർ വലിയവിളാകത്ത് വീട്ടിൽ നവീൻ സുരേഷിനെയാണ് (28) സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, മാല പിടിച്ചുപറി, ബൈക്ക് മോഷണം, പിടിച്ചു പറി, പെൺ വാണിഭക്കേസ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ നവീനിനെ 2015ൽ കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കലിലാക്കിയിരുന്നു. സമീപകാലത്ത് വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട് കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്തിന്റെ ശിപാർശപ്രകാരം കലക്ടർ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഫ്ലാറ്റുകൾ വാടകക്കെടുത്ത് പെൺവാണിഭം നടത്തിവന്നിരുന്നു.
കഴിഞ്ഞ വർഷം കിള്ളിപ്പാലത്തെ പെൺവാണിഭ കേന്ദ്രം നടത്തുന്നത് ചോദ്യംചെയ്ത വൈശാഖിനെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയാണ്. നാർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, സഗോക്ക് ടീമിലെ എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ ഷംനാദ്, ലജൻ, വിനോദ് ബി, മണികണ്ഠൻ, വിനോദ്, വിനോദ്, എസ്.സി.പി.ഒമാരായ ഷിബു, രാജീവ്, ദീപുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.