താമരശ്ശേരി ഭാഗങ്ങളിൽ കവർച്ച നടത്തി ഗൂഡല്ലൂരിലേക്ക് രക്ഷപ്പെടുക പതിവ്; നിരവധി കേസിലെ പ്രതി പിടിയിൽ
text_fieldsതാമരശ്ശേരി: താമരശ്ശേരി, കോടഞ്ചേരി ഭാഗങ്ങളിൽ നിരവധി കവർച്ചകൾ നടത്തിയ പ്രതിയെ കോഴിക്കോട് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഒരു വർഷമായി നിരവധി ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തിയ തമിഴ്നാട്ടിലെ ഗൂഡല്ലൂർ ദേവർഷോല, മാങ്ങാടൻ വീട്ടിൽ സാദിഖലിയെയാണ് (33) കോട്ടക്കലിൽവെച്ച് താമരശ്ശേരി ക്രൈം സ്ക്വാഡ് പിടികൂടിയത്.
കോടഞ്ചേരിയിൽ വാട്ടർ സർവിസ് സെന്ററിൽ മൂന്നു മാസം മുമ്പ് വരെ ജോലി ചെയ്തിരുന്ന പ്രതി രാത്രിയിൽ ബൈക്കിൽ കറങ്ങി പൂട്ടിയിട്ടതും വെളിച്ചമില്ലാത്തതുമായ വീടുകൾ കണ്ടുവെച്ച് കളവ് നടത്തുകയാണ് പതിവ്. ക്രിസ്മസ് ദിവസം വീടു പൂട്ടി വയനാട്ടിൽ പോയ കൂടത്തായി സ്വദേശിയുടെ വീട്ടിൽ ഏണിപ്പടി മുറിയുടെ വാതിൽ കമ്പിപ്പാര കൊണ്ട് പൊളിച്ച് അകത്തുകടന്ന് ഷോകേസിൽ സൂക്ഷിച്ച 20 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
അടുത്തുള്ള തൃക്കരിമണ്ണ ക്ഷേത്രത്തിലെ ഉത്സവ ദിവസം വീടുകളിൽ ആളുണ്ടാവില്ലെന്ന് മനസ്സിലാക്കിയ പ്രതി വൈകീട്ടോടെ ഗൂഡല്ലൂരിൽനിന്ന് ബൈക്കിൽ താമരശ്ശേരിയിൽ എത്തി അമ്പലത്തിെൻറ പരിസരങ്ങളിൽ കറങ്ങിനടന്നാണ് ആളില്ലാത്ത വീട് കണ്ടുവെച്ചത്. കവർച്ചക്കുശേഷം കോട്ടക്കലുള്ള രണ്ടാംഭാര്യയുടെ വീട്ടിലേക്ക് പോയ പ്രതി മഞ്ചേരിയിലും കോട്ടക്കലുമുള്ള രണ്ട് ജ്വല്ലറികളിലായി അഞ്ചു പവൻ സ്വർണം വിറ്റു. ഇതിൽനിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപക്ക് മൊബൈൽ ഫോണും സ്കൂട്ടറും വാങ്ങി.
കളവു നടത്തിയതിൽ പതിനഞ്ചര പവൻ പ്രതിയുടെ ഭാര്യവീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അടുത്തകാലത്ത് താമരശ്ശേരി നടന്ന പത്തോളം കളവുകൾ പ്രതി നടത്തിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ താമരശ്ശേരി മുക്കം റോഡിൽ എളോത്തുകണ്ടി വീട്ടിൽനിന്ന് സ്വർണവും മൊബൈൽ ഫോണും ടാബും താമരശ്ശേരി അമ്പലമുക്ക് പുൽപറമ്പിൽ വീട്ടിൽനിന്ന് സ്വർണവും 12,500 രൂപയും താമരശ്ശേരി ചുങ്കത്തെ വീട്ടിൽനിന്ന് 47,000 രൂപയും മറ്റൊരു വീട്ടിൽനിന്ന് സ്വർണം, ലാപ്ടോപ്, മൊബൈൽ ഫോൺ, കാമറ എന്നിവയും ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കൂടാതെ കോടഞ്ചേരിയിലെ രണ്ടു വീടുകളിൽനിന്ന് സ്വർണവും പണവും കവർച്ച നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. കവർച്ച നടത്തിയ സ്വർണം വിൽപന നടത്തിയ ശേഷം ഗൂഡല്ലൂരിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി.
പിടിക്കപ്പെടാതിരിക്കാൻ ഒറ്റക്കാണ് കവർച്ച നടത്തുന്നത്. 15 വർഷം മുമ്പ് പെരിന്തൽമണ്ണ, എടക്കര എന്നിവിടങ്ങളിൽ കളവുകേസിൽപെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. മുൻകാലങ്ങളിൽ കളവുകേസിൽ പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, സി.പി.ഒ റഫീഖ് എരവട്ടൂർ, കോടഞ്ചേരി എസ്.ഐ അഭിലാഷ്, സജു, ഫിംഗർ പ്രിന്റ് സെല്ലിലെ കെ. രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.