വെളിച്ചപ്പാടിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: കയ്പമംഗലം കൂരിക്കുഴിയിൽ കോഴിപ്പറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വർഷത്തിനുശേഷം കണ്ണൂർ ആഴിക്കരയിൽനിന്ന് പിടികൂടി. പൊലീസിനെ വെട്ടിച്ച് മുങ്ങി ഒളിവിൽ കഴിയുകയായിരുന്ന കേസിലെ രണ്ടാംപ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടിൽ ഗണപതി എന്ന വിജീഷാണ് (38) പിടിയിലായത്. വെളിച്ചപ്പാട് കോഴിപ്പറമ്പിൽ ഷൈൻ ആണ് ക്ഷേത്രവളപ്പിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലക്കുശേഷം രക്ഷപ്പെട്ട പ്രതി ആദ്യം ബംഗളൂരുവിലും പിന്നീട് കാസർകോട് ബേക്കലിൽ അപ്പൻ എന്ന പേരിലും ഒളിച്ച് താമസിക്കുകയായിരുന്നു. അവിടെ അനാഥനെന്ന് വിശ്വസിപ്പിച്ച് വിവാഹവും കഴിച്ചു. നാടുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇയാൾ ബേക്കലിൽ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലെ പൊലീസ് സംഘം നാളുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. മത്സ്യത്തൊഴിലാളികളുടെയും മീൻ വിൽപനക്കാരുടെയും മറ്റും വേഷത്തിൽ കടപ്പുറത്ത് തങ്ങിയാണ് പ്രതിയെ കണ്ടെത്തിയത്. തങ്ങളോടൊപ്പം പണിയെടുക്കുന്നത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞതോടെ വഞ്ചിയുൾപ്പെടെ നൽകി മത്സ്യബന്ധന തൊഴിലാളികളും സഹകരിച്ചതായി പൊലീസ് പറഞ്ഞു.
ഇയാൾ കയ്പമംഗലം സ്റ്റേഷൻ പരിധിയിലെ റൗഡിയാണ്. സലീഷ് എൻ. ശങ്കരൻ മതിലകം എസ്.ഐയായിരിക്കെ 2007 മാർച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ മറ്റു അഞ്ച് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇവർ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പിടികിട്ടാത്ത വാറണ്ട് പ്രതികളെ പിടികൂടാനുള്ള തൃശൂർ ജില്ല പൊലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെയുടെ ഓപറേഷന്റെ ഭാഗം കൂടിയായിരുന്നു അന്വേഷണം. ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ പി.സി. സുനിൽ, എ.എ. മുഹമ്മദ് റാഫി, എ.എസ്.ഐ സി.ആർ. പ്രദീപ്, ജി.എസ്.സി.പി.ഒ സി.കെ. ബിജു, സി.പി.ഒ എ.ബി. നിഷാന്ത് എന്നിവരും ഉൾപ്പെടുന്ന പൊലീസ് സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.