കുതിരവട്ടത്തുനിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ബിഹാർ വൈശാലി സ്വദേശി പൂനംദേവിയെയാണ് (30) വേങ്ങരയിൽ നിന്ന് പിടികൂടിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാനസികരോഗത്തിന് വിദഗ്ധ ചികിത്സ നൽകണമെന്ന് ചൂണ്ടിക്കാട്ടി റഫർ ചെയ്ത് ശനിയാഴ്ച വൈകീട്ടാണ് ഇവരെ കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്.
ഫോറൻസിക് വാർഡിൽ നിന്ന് രാത്രി 12നും 12.15നും ഇടയിലാണ് രക്ഷപ്പെട്ടത്. ഇവരെ പാർപ്പിച്ച വാർഡിലെ ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ ഇഷ്ടികകൊണ്ട് കുത്തിയിളക്കിമാറ്റി സെല്ലിന് പുറത്തെത്തി ഒന്നാം നിലയിൽ നിന്ന് തൂങ്ങി താഴെയെത്തുകയും പിന്നീട് ചുറ്റുമതിൽ കടന്ന് പോവുകയുമായിരുന്നു.
ഗ്രിൽ കുത്തി ഇളക്കാൻ ഇഷ്ടിക എങ്ങനെ സെല്ലിലെത്തി എന്നതിൽ ദുരൂഹതയുണ്ടെങ്കിലും ചുമരിലെ വിടവിലൂടെ എലി ഉള്ളിൽ പ്രവേശിക്കാതിരിക്കാൻ അടച്ചുവെച്ചതാണിതെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ ഏഴോടെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറിയ ഇവർ വേങ്ങരയിൽ ഇറങ്ങിയപ്പോൾ വേങ്ങര പൊലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയായിരുന്നു. വേങ്ങരയിലുള്ള കുഞ്ഞിനെ കാണാൻ പോവുകയാണെന്ന് ഇവർ സഹ അന്തേവാസികളോട് പറഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
സഹ അന്തേവാസികൾ അറിയിച്ച പ്രകാരം പൊലീസ് വേങ്ങരയിൽ പരിശോധന നടത്തവെയാണ് പൂനം പിടിയിലാവുന്നതും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കുതിവട്ടത്ത് എത്തിക്കുന്നതും.
പൂനംദേവി കൊലപ്പെടുത്തിയത് ഭർത്താവിനെ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെട്ട യുവതി കഴുത്തിൽ സാരിചുറ്റി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി. ബിഹാർ വൈശാലി സ്വദേശി സൻജിത് പാസ്വാൻ (33) കൊല്ലപ്പെട്ട കേസിലാണ് ഇതേ നാട്ടുകാരിയായ പൂനം ദേവി (30) അറസ്റ്റിലായത്. വേങ്ങര കോട്ടക്കൽ റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കവെ നാട്ടിലെ കാമുകൻ പൂനത്തിനെ ഫോണിൽ വിളിച്ചത് സൻജിത് വിലക്കിയതോടെ ജനുവരി 31ന് രാത്രി ഉറങ്ങുകയായിരുന്ന സൻജിത്തിന്റെ കൈകൾകൂട്ടിക്കെട്ടി സാരി കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം ഉറപ്പാക്കിയതോടെ കെട്ടുകളഴിച്ച് അടുത്തമുറിയിലുള്ളവരോട് ഭർത്താവിന് വയറുവേദന അനുഭവപ്പെട്ടെന്നും ബോധംപോയെന്നും പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പോസ്റ്റുമോർട്ടത്തിൽ കഴുത്തിലെ എല്ല് പൊട്ടിയെന്നും ശ്വാസംമുട്ടിയാണ് മരണമെന്നും വ്യക്തമായതോടെ പൊലീസ് കൊലപാതകം ഉറപ്പിക്കുകയും പൂനത്തിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.