കഞ്ചാവ് കടത്ത് പ്രതികൾക്ക് കഠിനതടവും പിഴയും
text_fieldsപാലക്കാട്: കഞ്ചാവ് കടത്തിയ രണ്ട് കേസുകളിലായി നാലുപ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് സിവിൽ സ്റ്റേഷനുസമീപം വിൽപന നടത്താനായി കാറിൽ 10 കിലോ കഞ്ചാവ് കൈവശം വെച്ച കേസിൽ രണ്ടാംപ്രതി പൊള്ളാച്ചി കോടൂർ റോഡ് ശുലേശ്വരംപട്ടി എൻ.ജി.ഒ കോളനി അഷറഫലിക്ക് (40) അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ഡി. സുധീർ ഡേവിഡാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധികതടവ് അനുഭവിക്കണം. കേസിലെ ഒന്നാംപ്രതി രാജേഷ് ഒളിവിലാണ്.
അന്നത്തെ ടൗൺ സൗത്ത് എസ്.ഐ ആർ. സുജിത്ത് കുമാർ (നിലവിൽ കോങ്ങാട് ഇൻസ്പെക്ടർ), സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, വിജയകുമാർ, എസ്.സി.പി.ഒ ദീപു, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ ഇൻസ്പെക്ടറായിരുന്ന ഷൊർണൂർ ഡി.വൈ.എസ്.പി ആർ. മനോജ് കുമാറാണ് കേസിൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. ആലത്തൂരിൽ വാഹന പരിശോധന നടത്തവെ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നു പ്രതികൾക്ക് 30 വർഷം കഠിനതടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വയനാട് സുൽത്താൻ ബത്തേരി പഴുപ്പത്തൂർ കൂട്ടുങ്ങൽ പറമ്പ് വീട്ടിൽ അബ്ദുൽ ഖയ്യൂം (39), കൽപറ്റ ചുഴലി മാമ്പറ്റ പറമ്പിൽ വീട്ടിൽ ഷിനാസ് (28), മലപ്പുറം കൊണ്ടോട്ടി വാഴക്കാട് ചെറുവായൂർ ഏടാലം പറമ്പത്ത് വീട്ടിൽ ഷറഫുദ്ദീൻ എന്ന വാവ എന്ന ഷറഫു (34) എന്നിവർക്കാണ് പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ഡി. സുധീർ ഡേവിഡ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.
ആലത്തൂർ സ്വാതി ജങ്ഷനിൽ വാഹനപരിശോധന നടത്തുമ്പോഴാണ് കാറിലെത്തിയ പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞനിലയിൽ 142.2 കിലോ കഞ്ചാവ് പിടികൂടിയത്. അന്നത്തെ ആലത്തൂർ എസ്.ഐമാരായ ജീഷ്മോൻ വർഗീസ്, പ്രശാന്ത്, സി.പി.ഒമാരായ ജയൻ, സ്മിതേഷ്, ബ്ലെസൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
കേസിന്റെ ആദ്യന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടർ ഗിരീഷ്, ഇൻസ്പെക്ടർ എ. രമേശ് എന്നിവരായിരുന്നു. തുടരന്വേഷണം നടത്തി മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ്. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.