സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ
text_fieldsതളിപ്പറമ്പ്: സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ. കഴിഞ്ഞ മാസം 22നു രാവിലെ 9.30ന് പറശ്ശിനി മടപ്പുരക്ക് സമീപമുള്ള വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വയോധികയുടെ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട പയ്യന്നൂർ വെള്ളൂരിലെ പുതിയപുരയിൽ ഹൗസിൽ പി.പി. ലിജീഷിനെയാണ് (32) കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി ഹേമലതയുടെ മേൽനോട്ടത്തിൽ തളിപ്പറമ്പ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിലെ 250ൽ പരം സി.സി ടി.വി കാമറകളാണ് പരിശോധിച്ചത്. പൊലീസിനെ വഴി തെറ്റിക്കാനായി പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് തിരിച്ചു പോയത്.
സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പർപ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കഴിഞ്ഞ ഒക്ടോബർ 20ന് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് വെച്ച് 75 വയസ്സായ സ്ത്രീയുടെ മൂന്നുപവൻ മാല പൊട്ടിച്ചെടുത്തതും ഈ പ്രതിയാണെന്നു തിരിച്ചറിഞ്ഞു.
പ്രതിക്ക് ശ്രീകണ്ഠാപുരം, മട്ടന്നൂർ, ചൊക്ലി എന്നീ പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഓരോ കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സീനിയർ സി.പി.ഒമാരായ പ്രമോദ്, ഷിജോ അഗസ്റ്റിൻ, സി.പി.ഒ അരുൺ കുമാർ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.