ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ പ്രതി 26 വർഷത്തിനുശേഷം പിടിയിൽ
text_fieldsചിറ്റൂർ: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 26 വർഷത്തിനു ശേഷം തമിഴ്നാട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട ശെൽവരാജി (53)നെയാണ് ദിണ്ഡിക്കല്ലിൽ നിന്നു കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. 1996ൽ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുത്തിരുന്ന ശെൽവരാജും മാതാവ് രാമാത്തോളും ഭാര്യ മീനാക്ഷിയും മലയാണ്ടി കൗണ്ടന്നൂരിൽ താമസിക്കുകയായിരുന്നു. അവിടെവെച്ച് മീനാക്ഷിയെ ശെൽവരാജും രാമാത്തോളും ചേർന്ന് കൊലപ്പെടുത്തി തോട്ടത്തിൽ തന്നെ കുഴിച്ചുമൂടി എന്നതാണ് കേസ്.
പെരുമാട്ടി സ്വദേശിനിയായ മീനാക്ഷിയെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ ചിറ്റൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 1996ൽ തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ശെൽവരാജിനെയും രാമാത്തോളിനേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയും മാതാവും തമിഴ്നാട്ടിലേക്ക് മുങ്ങി.
തമിഴ്നാട്ടിൽ മറ്റൊരു വിവാഹം കഴിച്ച് ശെൽവ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. രാമാത്തോൾ നാല് വർഷം മുമ്പ് മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, സി.ഐ എം. ശശിധരൻ, എസ്.ഐ പി. സുജിത്ത്, സിവിൽ പൊലീസ് ഓഫിസർ എൻ. ഷിബു, ഇ. നടരാജൻ, കെ. അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.