സഹോദരിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
text_fieldsകൊല്ലം: സഹോദരിയെ മണ്ണെണ്ണ തീ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. സഹോദരി അച്ചു എം. നായരെ കൊലപ്പെടുത്തിയ കേസിൽ കടയ്ക്കൽ കുമ്മിൾ കണ്ണങ്കോട് വി.കെ. പച്ച ശ്യാമളാസദനം വീട്ടിൽ മിഥുനെയാണ് (36) ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ ഒരുവർഷം കൂടി തടവനുഭവിക്കണം. പിഴയൊടുക്കുന്നപക്ഷം തുക അച്ചു എം. നായരുടെ മകൻ ആദിത്യന് നൽകണം. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ 21ന് വീട്ടിൽ വെച്ചാണ് പ്രതി അച്ചു എം. നായരെ തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിെക്ക 27ന് മരിച്ചു. കടയ്ക്കൽ കോടതിയിൽ അഭിഭാഷക ക്ലർക്കായി ജോലി നോക്കിവരുകയായിരുന്ന യുവതി ആദ്യ ഭർത്താവുമായി പിണങ്ങി വീട്ടിൽ മകനുമൊത്ത് കഴിയുകയായിരുന്നു.
തുടർന്ന് ബന്ധുവായ യുവാവുമായി യുവതി ഇഷ്ടത്തിലായി. യുവാവ് ഗൾഫിൽ പോകുന്നതിന് മുമ്പ് യാത്ര പറയുന്നതിന് അച്ചുവിനെ കാണാൻ എത്തിയ സമയം ബന്ധം ഇഷ്ടമല്ലാതിരുന്ന, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ ഇരുവെരയും മർദിക്കുകയുമായിരുന്നു. അടുക്കളയിൽ നിന്ന് മണ്ണെണ്ണ എടുത്ത് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന അച്ചുവിന്റെ തലയിൽ ഒഴിക്കുകയും രക്ഷെപ്പടാതിരിക്കാൻ വാതിലുകൾ അടച്ചുപൂട്ടി ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ കൊളുത്തി കത്തിക്കുകയുംചെയ്തു.
ചികിത്സയിലിരുന്ന അച്ചു എം. നായർ സഹോദരനെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മിഥുൻ ഗോപി അച്ചുവിന്റെ മരണമൊഴി രേഖപ്പെടുത്തി. കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ്. ജയകുമാർ അന്വേഷണം നടത്തിയ കേസിൽ കടയ്ക്കൽ ഇൻസ്പെക്ടർ ആയിരുന്ന വി.എസ്. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി
പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി. വിചാരണക്കിടെ ഖത്തറിൽ തൊഴിൽ തേടി പോയ അച്ചുവിന്റെ സുഹൃത്തായിരുന്ന രണ്ടാം സാക്ഷിയെ ഖത്തറിലെ ഇന്ത്യൻ എംബസി മുഖാന്തരം വിഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുന്നതിന് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.