17കാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ ആറു വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. കരിന്തളം ചായ്യോത്ത് സ്കൂളിനടുത്ത് നിലവിൽ താമസിക്കുന്ന സി. ഗണേഷ് എന്ന ഗണേശനെയാണ് (27) ശിക്ഷിച്ചത്. ദക്ഷിണ കർണാടക വാമഞ്ചൂർപിലിക്കുള സ്വദേശിയാണ്.
വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് ശിക്ഷ. രണ്ടുവർഷം കഠിനവും നാലുവർഷം സാധാരണ തടവുമാണ് അനുഭവിക്കേണ്ടത്. ശിക്ഷ ഒരുമിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതിയാകും. 2020 ആഗസ്റ്റിൽ 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന് ചീമേനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ചീമേനി സബ് ഇൻസ്പെക്ടറായിരുന്ന എം. രമണിയാണ്. തുടർന്നുള്ള അന്വേഷണം അന്നത്തെ സബ് ഇൻസ്പെക്ടർ കരുണാകരൻ പുതിയടവനും നടത്തി. കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ എ. അനിൽകുമാറാണ്. പരാതിക്കാരിക്കുവേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.