ദുർമന്ത്രവാദം ആരോപിച്ച് ആസിഡ് ആക്രമണം; 85കാരൻ 17 ദിവസത്തിന് ശേഷം മരിച്ചു
text_fieldsമുംബൈ: ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 85 കാരൻ മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. മസ്രുൾ ഗ്രാമത്തിലെ താമസക്കാരനായ ശ്രീരംഗ് ഷെജുൽ സെപ്തംബർ ഒന്നിനാണ് രാത്ര ആസിഡ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീരംഗ് 17 ദിവസം ചികിൽസയിലായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
പ്രദേശവാസികളായ നന്ദു ഷെജുൽ, ഭാസ്‌കർ സാബ്ലെ എന്നീ രണ്ട് പ്രതികൾക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. നന്ദുവിനെ പിടികൂടിയെങ്കിലും ഭാസ്‌കർ ഇപ്പോഴും ഒളിവിലാണ്. അന്വേഷണത്തിൽ നന്ദുവിന്റെ വീട്ടിൽ നിന്ന് ആസിഡ് സ്റ്റോക്ക് കണ്ടെടുത്തു.
ശ്രീരംഗിന്റെ മകന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ശ്രീരംഗ് വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ വന്ന് നോക്കിയപ്പോൾ ഗുരുതരമായി പൊള്ളലേറ്റ് രാസവസ്തുക്കളിൽ മുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ജാഫ്രാബാദ് റൂറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സംഭാജി നഗറിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് മൂന്ന് മാസം മുമ്പ് നന്ദുവും ഭാസ്‌കറും തങ്ങൾക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.