നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നു; കുറ്റപത്രം 30ന് സമർപ്പിച്ചേക്കും
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം.
ഗൂഢാലോചനയിൽ പങ്കാളിയായെന്ന് സംശയിച്ച നടി കാവ്യ മാധവൻ കേസിൽ പ്രതിയാകില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണമുയർന്ന അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി ലഭിച്ചത്. എന്നാൽ, ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം നൽകുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിന്‍റെ ഗൂഢാലോചനയിൽ കാവ്യ മാധവനും പങ്കാളിയാണെന്ന വിധത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഗൂഢാലോചന സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് കാവ്യ മാധവൻ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഒന്നും ഓർമയില്ലെന്നും അറിയില്ലെന്നും ആവർത്തിച്ച കാവ്യ മാധവൻ ശബ്ദരേഖ ദിലീപിന്‍റേതാണോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും മൊഴി നൽകിയിരുന്നു.
കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചതായി ശബ്ദരേഖ തെളിവാക്കി ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, അഭിഭാഷകരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രത്യേകിച്ച് പരാമർശങ്ങളൊന്നുമില്ലാതെയാണ് തുടരന്വേഷണ റിപ്പോർട്ട് നൽകാനൊരുങ്ങുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.