നടിയെ ആക്രമിച്ച കേസ്: ശബ്ദശകലം ദിലീപ് അടക്കമുള്ള പ്രതികളെ കേൾപ്പിച്ചതായി സൂചന
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റുള്ളവരെയും ചോദ്യംചെയ്തത് ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ. ദിലീപ് അടക്കം അഞ്ചുപേരോടും ഒരേസമയം സമാന ചോദ്യങ്ങളാണ് ചോദിച്ചത്.
ഗുഢാലോചന കേസിന് ആസ്പദമായ ശബ്ദരേഖ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസം പ്രധാന ചോദ്യങ്ങൾ. ചോദ്യംചെയ്യലിനിടെ ഈ ശബ്ദരേഖ പ്രതികളെ കേൾപ്പിച്ചതായാണ് വിവരം. ഇത് നിഷേധിക്കുന്നുണ്ടോയെന്ന് ചോദിച്ച ഉദ്യോഗസ്ഥർ ഓരോ പ്രതിയുടെയും ഭാവവ്യത്യാസവും മറുപടികളും പ്രത്യേകം നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പറഞ്ഞത് ശാപവാക്കുകൾ മാത്രമായിരുന്നെന്ന് ദിലീപ് പറഞ്ഞു.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ദിലീപ് എ.ഡി.ജി.പി എസ്. ശ്രീജിത്ത് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് മുന്നിലും ആവർത്തിച്ചത്. ബാലചന്ദ്രകുമാറിന്റെ വ്യക്തി വൈരാഗ്യത്തെക്കുറിച്ചും ബ്ലാക്ക്മെയിലിങ്ങിനെക്കുറിച്ചും വിശദീകരിച്ചു.
ചോദ്യങ്ങളോട് പൂർണമായും പ്രതികൾ സഹകരിക്കുന്നില്ലെന്ന സൂചനയാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്നത്. തങ്ങൾക്ക് എതിരാകില്ലെന്ന് ഉറപ്പുള്ള ചോദ്യങ്ങളിൽ മാത്രമാണ് കൃത്യമായ മറുപടി പറയുന്നതെന്നും സൂചനയുണ്ട്.
കൂടുതൽ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യൽ വരുംദിവസങ്ങളിലുണ്ടാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ എന്തെങ്കിലും തുടർനടപടികൾ ആസൂത്രണം ചെയ്തിരുന്നോ എന്നും ചോദിച്ചറിഞ്ഞു. അങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്നും ഒരാളെപ്പോലും ദ്രോഹിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മറുപടി നൽകി.
ഓരോരുത്തരെയും ചോദ്യം ചെയ്തതിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതുവരെ ലഭിച്ച മൊഴികളുമായി താരതമ്യം ചെയ്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചോദ്യംചെയ്യലിൽ പുരോഗമിക്കും. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തി പ്രതികളുടെ വാദങ്ങൾ പൊളിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.