കാണാതായ നടിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
text_fieldsധാക്ക: ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബംഗ്ലാദേശി നടിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. 45 കാരിയായ റൈമ ഇസ്‍ലാം ഷിമുവിന്റെ മൃതദേഹമാണ് ധാക്കക്ക് സമീപം കേരാനിഗഞ്ചിലെ ഹസ്രത്പുർ ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെടുത്ത്.
കൊലപാതകത്തിൽ ഭർത്താവ് ഷെഖാവത്ത് അലി നോബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് നോബൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. റൈമയുടെ കൊലപാതകത്തിന് പിന്നൽ കുടുംബ കലഹമാണെന്ന് പൊലീസ് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഭർത്താവിന്റെ കുറ്റസമ്മതവും അറസ്റ്റും.
ദിവസങ്ങൾക്ക് മുമ്പാണ് നടിയെ കാണാതാകുന്നത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിൽ മുറിവേറ്റതിൻറെ നിരവധി പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റൈമയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പാലത്തിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നോബലിനെ കൂടാതെ സുഹൃത്തിനെയും കാർ ഡ്രൈവറെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കേസിൽ ഒരു സ്വാധീനമുള്ള നടനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
1998ൽ ബർത്തമാൻ എന്ന ചിത്രത്തിലൂടെയാണ് റൈമ ബംഗ്ലാദേശ് സിനിമയിൽ സജീവമാകുന്നത്. പിന്നീട് 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകളെ കൂടാതെ ടെലിവിഷൻ പരിപാടികളിലും സാന്നിധ്യമറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.