തെളിവെടുപ്പിനുശേഷം ദക്ഷിണേന്ത്യൻ കവർച്ച സംഘത്തെ കോടതിയിൽ ഹാജരാക്കി
text_fieldsകോഴിക്കോട്: കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്ത ദക്ഷിണേന്ത്യൻ മോഷണ സംഘത്തെ കോടതിയിൽ ഹാജരാക്കി. അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ അഞ്ചംഗ സംഘങ്ങളായ തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ (52 ), സുമിത്ര (41), നാഗമ്മ (48) എന്നിവരെയാണ് തെളിവെടുപ്പിനുശേഷം ചേവായൂർ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ചൊക്ലി, തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കുന്ദമംഗലം, നടക്കാവ്, ചേവായൂർ, കുന്ദമംഗലം, കന്യാകുമാരി എന്നീ സ്റ്റേഷനുകളിൽ കേസ് ഉള്ളതായി കേസ് അന്വേഷിക്കുന്ന ചേവായൂർ എസ്.ഐ വി.ടി. ഹരീഷ് കുമാർ പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ സൂപ്പർമാർക്കറ്റിൽനിന്ന് സോപ്പ് മോഷ്ടിക്കുന്നതിനിടെ സംഘത്തിലെ പ്രധാനിയായ സരോജം പിടിയിലായിരുന്നു.
കരളിന് മേജർ ശസ്ത്രക്രിയ നടത്തിയതിന്റെ വലിയ പാടുകൾ കാണിച്ച് സഹതാപം പിടിച്ചുപറ്റി രക്ഷപ്പെടുകയായിരുന്നു. കേസിലേക്ക് നീങ്ങാതെ തന്ത്രങ്ങൾ മെനയുന്നതായിരുന്നു സരോജത്തിന്റെ രീതി. കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ കാറിൽ സഞ്ചരിച്ച് ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുകയായിരുന്നു ഇവരുടെ പതിവ്. സുമിത്രയും നാഗമ്മയും സരോജത്തിന്റെ ഭർത്താവിന്റെ സഹോദരിമാരാണ്.
പിടിക്കപ്പെട്ട ഡ്രൈവർ മുരളി സരോജത്തിന്റെ മകളുടെ ഭർത്താവുമാണ്. നാരായണൻ സംഘത്തിന് ഭക്ഷണം പാകം ചെയ്തു നൽകുന്നതിനാണ് കൂട്ടത്തിൽ കൂടിയത്. സരോജത്തിന്റെ ഭർത്താവ് നിരവധി മോഷണ പിടിച്ചുപറി കേസുകളിൽ പ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.