സൗദിയിൽ നിന്നെത്തി കാണാതായ അഗളി സ്വദേശി മരിച്ചു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് കേസ്
text_fieldsപെരിന്തല്‍മണ്ണ: സൗദിയിലെ ജിദ്ദയിൽനിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിനെത്തുടർന്ന് അഞ്ചുദിവസം കാണാതായ ശേഷം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പൊലീസ് സ്റ്റേഷന് സമീപത്തെ പരേതനായ വാക്കേത്തൊടി മുഹമ്മദ് എന്ന ബാപ്പുവിന്റെയും ആസ്യയുടെയും മകൻ അബ്ദുൽ ജലീലാണ് (42) മരിച്ചത്.
അബോധാവസ്ഥയില്‍ വ്യാഴാഴ്ച രാവിലെ ഇയാളെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12.15ന് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയതിന് മേലാറ്റൂർ പൊലീസ് കേസെടുത്തു.
ജലീൽ പെരിന്തൽമണ്ണയിൽനിന്ന് എട്ട് കിലോമീറ്ററകലെ ആക്കപ്പറമ്പിൽ റോഡരികില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നെന്നാണ് ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച വ്യക്തി അറിയിച്ചത്. ഇന്റർനെറ്റ് കോളിൽ വിളിച്ച് ജലീലിന്റെ വീട്ടിലും ഇയാൾ വിവരമറിയിച്ചിരുന്നു. ഇതിനുശേഷം ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സംഭവത്തിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
മേയ് 15ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഭർത്താവിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുബഷിറയും കുടുംബവും അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. ജലീൽ ഇടയ്ക്കിടെ ഭാര്യയുമായി ഫോണിൽ ബന്ധപ്പെടുന്നതിനാൽ പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയത്. ജലീലിന്റെ മൊഴി രേഖപ്പെടുത്താൻ കഴിയും മുമ്പെ മരിച്ചു.
വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഉച്ചയോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് മാറ്റി. ശരീരമാസകലം മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നെന്നും അതിഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജലീലിന്റെ മക്കൾ: അൻഷിദ്, അൻഷിഫ്, അൻസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.