നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയയാക്കിയെന്ന് ബലാത്സംഗത്തിന് ഇരയായ എയർഫോഴ്സ് ഉദ്യോഗസ്ഥ
text_fieldsചെന്നൈ: നിയമവിധേയമല്ലാത്ത പരിശോധനക്ക് തന്നെ വിധേയയാക്കിയെന്ന് ബലാത്സംഗത്തിന് ഇരയായ എയർഫോഴ്സ് ഉദ്യോഗസ്ഥ. ഉദ്യോഗസ്ഥയുടെ പരാതി അനുസരിച്ച് ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയ സഹപ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഞായറാഴ്ച കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്.
പരാതി നൽകിയ തന്നെ ഇന്ത്യൻ എയർ ഫോഴ്സിലെ ഡോക്ടർമാർ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്നാണ് ഇവരുടെ പരാതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് നേരത്തേ നിരോധിക്കപ്പെട്ട വിരൽ കൊണ്ടുള്ള പരിശോധന നടത്തിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥ പറയുന്നു. മാത്രമല്ല, തന്‍റെ ലൈംഗിക ചരിത്രത്തെക്കുറിച്ചും ഡോക്ടർ ചോദ്യങ്ങളുന്നയിച്ചതായും പരാതിയിലുണ്ട്.
കോയമ്പത്തൂർ റെഡ് ഫീൽഡ്സിലുള്ള എയർ ഫോഴ്സ് അഡ്മിനിസ്ട്രേറ്റിവ് കോളജിലെ തന്‍റെ മുറിയിൽ വെച്ചാണ് അതിക്രമം നടന്നത്. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ശരിയായ രീതിയിൽ നടപടി എടുത്തില്ലെന്നും താൻ പൊലീസിനെ സമീപിക്കാൻ നിർബന്ധിതയാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. രണ്ടുതവണ തന്നെക്കൊണ്ട് പരാതി മാറ്റി എഴുതിപ്പിച്ചു. എന്നാൽ അധികൃതർ എഴുതിത്തന്ന പരാതിയിൽ ഒപ്പിടാൻ തയാറായില്ലെന്നും യുവതി പറഞ്ഞു.
അതേ സമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഐ.എ.എഫ് അധികൃതർ വ്യക്തമാക്കി. ചണ്ഡിഗഡുകാരനായ ഫ്ളൈറ്റ് ലഫ്റ്റനന്‍റിനെ കോയമ്പത്തൂർ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ്, എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇയാളുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.