പദ്ധതിയിട്ടത് മൂന്ന് കൊലപാതകത്തിനെന്ന് അജീഷ് പ്രതി 'സൈക്കോ'യെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: പട്ടാപ്പകൽ നഗരമധ്യത്തിലെ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷ് അതേദിവസം മറ്റ് രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് യാതൊരു കൂസലും കൂടാതെ ഇയാൾ പൊലീസിനോട് തന്റെ കൊലപാതകശ്രമം വെളിപ്പെടുത്തിയത്.
സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റായ നീലൻ എന്ന അയ്യപ്പനെ (34) വകവരുത്തിയ ശേഷം നെടുമങ്ങാട് കല്ലിയോട് തന്റെ വീടിന് സമീപത്തുള്ള രണ്ട് പേരെക്കൂടി വകവരുത്താനായിരുന്നു ഇയാളുടെ ശ്രമം. മുമ്പ് അജീഷിന്റെ സുഹൃത്തുകളായിരുന്ന ഇരുവരും പിന്നീട് ഇയാളുമായി തെറ്റിപ്പിരിയുകയും പലതവണ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതാണ് പകക്ക് കാരണം.
അയ്യപ്പനെ വകവരുത്തിയ ശേഷം ഇരുവരെയും അന്വേഷിച്ച് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ശ്രമം പരാജയപ്പെടുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്നിന് അടിയമായ അജീഷ് വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ഓവർബ്രിഡ്ജിലെ സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വകവരുത്തിയത്. ലഹരിപദാർഥങ്ങളുടെ നിരന്തര ഉപയോഗം ഇയാളെ 'സൈക്കോ' ആക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അയ്യപ്പൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകൾ. ഒമ്പത് തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും'- അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപാതകത്തിലൂടെ നാലാളറിയുന്നതിന് വേണ്ടിയാണ് നഗരഹൃദയത്തിൽ തന്നെ പട്ടാപ്പകൽ കൊലപാതകം നടത്താൻ തീരുമാനിച്ചതും മറ്റ് രണ്ട് കൊലകൾ കൂടി ആസൂത്രണം ചെയ്തിരുന്നതും.
ആനായിക്കോണം പാലത്തിന് സമീപം പൊലീസ് ഇയാളെ പിടികൂടാനെത്തിയ വേളയിൽ പൊലീസുകാർക്കെതിരെയും ഇയാൾ അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന് അതിസാഹസികമായാണ് നെടുമങ്ങാട് പൊലീസും ഷാഡോസംഘവും ചേർന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്താലേ കൊലക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകൂ. ഇതിനായി കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ നൽകും.
കൊല നടന്ന ഹോട്ടല്‍ സിറ്റി ടവറില്‍ ശനിയാഴ്ച രാവിലെ െപാലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി. കൊലക്ക് ഉപയോഗിച്ച വെട്ടുകത്തി ഫോറൻസിക് പരിശോധനക്കായി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.