മദ്യപാനം: ബസ് ഡ്രൈവർമാർക്കും ശ്വാസ പരിശോധന വേണമെന്ന്
text_fieldsപീരുമേട്: ഹൈറേഞ്ചിൽ സർവിസ് നടത്തുന്ന ബസുകളുടെ ഡ്രൈവർമാരെയും ബ്രീത്ത് അനലൈസർ പരിശോധനക്ക് (ശ്വാസ പരിശോധന) വിധേയരാക്കണമെന്ന് ആവശ്യമുയർന്നു. കട്ടപ്പനയിൽനിന്ന് ചങ്ങനാശ്ശേരിക്കുപോയ സ്വകാര്യ ബസിലെ ഡ്രൈവറെ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ കട്ടപ്പന പൊലീസ് തിങ്കളാഴ്ച് പിടികൂടിയിരുന്നു. പൊലീസിെൻറ ബ്രീത്ത് അനലൈസർ പരിശോധനയിൽ ബസ് ഡ്രൈവർമാർ ഉൾപ്പെടുന്നില്ല.
ചെറിയ വാഹനങ്ങളിലെ ഡ്രൈവർമാർ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. രാത്രി 11 മണിയോടെ സർവിസ് അവസാനിപ്പിച്ചശേഷം പുലർച്ച ആരംഭിക്കുന്ന ബസുകളിലെ ഡ്രൈവർമാരിൽ പരിശോധന നടത്തിയാൽ പിടിക്കപ്പെടുന്നവരുടെ എണ്ണം ഇതിലും കൂടുമെന്ന് പറയപ്പെടുന്നു. വൈകീട്ട് ഏഴിനുശേഷം ദേശീയപാത വഴി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിലെ കണ്ടക്ടർമാർ യാത്രക്കിടെ പീരുമേട്ടിലെ മദ്യവിൽപനശാലയിൽനിന്ന് മദ്യം വാങ്ങുന്നതും പതിവാണ്.
ബസ് സ്റ്റോപ്പിൽ നിർത്തുമ്പോൾ കണ്ടക്ടർമാർ മദ്യ വിൽപനശാലയിലേക്ക് ഇറങ്ങിയോടുകയും മദ്യംവാങ്ങി വരുന്നതുവരെ ബസ് കാത്തുകിടക്കുന്നതും നിത്യകാഴ്ചയാണ്. സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന കോൺടാക്റ്റ് കാര്യേജ് ബസുകളിലെ ഡ്രൈവർമാരെയും പരിശോധനക്ക് വിധേയരാക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.