ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്‍റണി 19 വർഷത്തിനു ശേഷം നാട്ടിൽ
text_fieldsആലുവ: പരോൾ ലഭിച്ചതിനെ തുടർന്ന് ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആൻറണി 19 വർഷത്തിനുശേഷം ആദ്യമായി നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രിയാണ് ആലുവയിലെത്തിയത്. 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പരോൾ കിട്ടാതെ പോയ 23 പേർക്ക് സർക്കാർ പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതെ തുടർന്നാണ് ആൻറണിക്കും പരോൾ കിട്ടിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ സഹോദരനെത്തി ആൻറണിയെ ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
2001 ജനുവരി ആറിനാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ആലുവ സബ്ജയിൽ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ താമസിച്ചിരുന്ന ആറംഗ കുടുംബമാണ് കൊലക്കത്തിക്ക് ഇരയായത്. റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ് വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിൻ (47) ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (14), ദിവ്യ (12), അഗസ്‌റ്റിന്‍റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
അഗസ്‌റ്റിന്‍റെ ബന്ധുവും വീട്ടിലെ സ്‌ഥിരം സന്ദർശകനുമായിരുന്ന ആൻറണി നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഇതിനിടെ ഇയാൾക്ക് വിദേശത്ത് ജോലിക്ക് അവസരം ലഭിച്ചു. ഇതിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ല. ഇതിലുള്ള വൈരാഗ്യം കൊലക്ക് കാരണമായെന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് എത്തിയത്. ക്രൈംബ്രാഞ്ചും ഇത് ശരിവെച്ചു.
സി.ബി.ഐ അന്വേഷണവും എത്തിച്ചേർന്നത് ആൻറണിയിൽതന്നെയായിരുന്നു. 2005 ൽ സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചു. 2006 സെപ്‌റ്റംബർ 18ന് ഹൈകോടതി ശരിവെച്ചെങ്കിലും നവംബർ 13ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു. 2009ൽ വധശിക്ഷ വീണ്ടും അംഗീകരിച്ചു. പുനഃപരിശോധന ഹരജിയും തള്ളപ്പെട്ടു. രാഷ്ട്രപതിക്ക് ദയാ ഹരജി നൽകിയിട്ടും ഫലമുണ്ടായില്ല.
വധശിക്ഷക്ക് എതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായിരുന്ന ആർ.എം.ലോധയുടെ ഉത്തരവിനെ തുടർന്നാണ് 2018 ൽ ശിക്ഷ ജീവപര്യന്തമായി കോടതി കുറച്ചത്. 13 വർഷം ഏകാന്ത തടവിലാണ് ആൻറണി കഴിഞ്ഞിരുന്നത്. ജൂലൈ 17 നാണ് ആൻറണി ജയിലിൽ തിരിച്ചെത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.