ആലുവ കൊലപാതകം: ശിക്ഷ ഇന്ന്
text_fieldsകൊച്ചി: ആലുവയില്‍ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമൻ ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള അഞ്ചു കുറ്റങ്ങളും നേരത്തേ തെളിഞ്ഞിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 28ന് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ബാലികയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. മദ്യം നല്‍കിയശേഷം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സമീപത്തെ ചതുപ്പിൽ തള്ളിയെന്നാണ് പ്രോസിക്യൂഷന് കണ്ടെത്തിയത്.
സംഭവത്തില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഒന്നിന് എറണാകുളം റൂറല്‍ എസ്.പി വിവേവ് കുമാറിന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ എം.എം. മഞ്ജുദാസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 99 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 43 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. ഒക്ടോബർ നാലിന് തുടങ്ങിയ വിചാരണ നടപടികൾ ദിവസങ്ങൾക്കുള്ളിലാണ് പൂർത്തിയാക്കിയത്. 95 രേഖകളും 10 തൊണ്ടിമുതലുകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു മുതല്‍ ആലുവ മാര്‍ക്കറ്റിലേക്ക് ബസില്‍ പോകുന്നതും മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്തേക്ക് പോകുന്നതുംവരെ നേരില്‍ കണ്ട സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.