താമരശ്ശേരിയിലെ ലഹരി മാഫിയ ആക്രമണം: ഒരു പ്രതി കൂടി പിടിയില്‍
text_fieldsതാമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയില്‍ ലഹരിമാഫിയ പ്രവാസി യുവാവിന്റെ വീടിനു നേരെ ആക്രമണം നടത്തുകയും പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി.
താമരശ്ശേരി പരപ്പന്‍പൊയില്‍ തെക്കേപുറായില് സനീഷ് കുമാറിനെയാണ് (39) വെള്ളിയാഴ്ച രാത്രി കോഴിക്കോട് പാളയത്തുനിന്ന് താമരശ്ശേരി എസ്.ഐ ജിതേഷും സംഘവും പിടികൂടിയത്. സെപ്റ്റംബർ നാലിന് ലഹരി മാഫിയ സംഘത്തലവനായ അയ്യൂബിനോടൊപ്പം പൊലീസിനെ ആക്രമിക്കുകയും നാട്ടുകാരനായ ഇര്‍ഷാദിനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മയക്കുമരുന്നിനു അടിമയായ ഇയാളും പുഷ്പ എന്ന റജീനയും ലഹരി കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. റജീന ഇപ്പോള്‍ ഈ കേസില്‍ ജയിലിലാണ്.
സംഭവത്തിനു ശേഷം ഇയാള്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മേയ് ആറിന് ബാലുശ്ശേരിക്കടുത്ത് ഏകരൂലുള്ള വാടക വീട്ടില്‍നിന്നും ഒമ്പത് കിലോ കഞ്ചാവുമായി സനീഷ് കുമാറിനെയും റജീനയെയും ബാലുശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. അമ്പലമുക്ക് ലഹരി മാഫിയ ആക്രമണ സംഭവത്തിൽ ഇതോടെ പതിനാല് പ്രതികള്‍ പിടിയിലായി. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.