അമ്പലമുക്ക് വിനീത കൊലക്കേസ്; ‘രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ല’
text_fieldsതിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാൾ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കാന്‍ ആള്ക്കാര് ഭയന്നിരുന്നെന്ന് കെട്ടിട ഉടമ. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.
2017ല്‍ തമിഴ്നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് രാജേന്ദ്രൻ രാജദുരൈയുടെ കെട്ടിടത്തില്‍ വാടകക്ക് താമസിച്ചിരുന്നത്. 2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നുവെന്ന് പറഞ്ഞുപോയ രാജേന്ദ്രൻ 2022 ഫെബ്രുവരി 10ന് തിരികെയെത്തി 9000 രൂപ വാടകയിനത്തില്‍ തന്നു.
എന്നാൽ, 11ാം തീയതി കേരള പൊലീസ് വിനീത കൊലക്കേസിൽ രാജേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രാജദുരൈ കോടതിയെ അറിയിച്ചു. രാജേന്ദ്രൻ താമസിച്ച മുറിയില്‍ നിന്ന് ഭാരത് ഫൈനാന്സില് വിനീതയുടെ സ്വർണംപണയംവെച്ച പണയകാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു.
2022 ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്ന് മണിക്ക് ബാങ്കിലെത്തിയ രാജേന്ദ്രന് 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിങ് സ്വല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു.
വലത് കൈയില്‍ പരിക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കിലെത്തിയ മറ്റൊരു ഇടപാട്കാരനെ കൊണ്ടാണ് പേയിങ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്ത്യന്‍ ബാങ്ക് മാനേജര്‍ മയില്‍വാഹനനും കോടതിയില്‍ മൊഴി നല്കി. രാജേന്ദ്രന് പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിങ് സ്ലിപ്പ് മാനേജര്‍ കോടതിയില്‍ ഹാജരാക്കി.
2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെയി വില്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ രാജേന്ദ്രൻ കുത്തികൊലപ്പെടുത്തിയത്.
വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്റെ മാല എടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.