അമ്പലംമുക്ക് കൊലപാതകം: പ്രതി ഉപേക്ഷിച്ച ഷര്ട്ട് കണ്ടെത്തി, കത്തി കണ്ടെത്താനായില്ല
text_fieldsതിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുട്ടടയിലെ ആലപ്പുറം കുളത്തിൽ നടത്തിയ തിരച്ചിലിൽ കൊലപാതക സമയത്ത് പ്രതി രാജേന്ദ്രൻ ധരിച്ചെന്ന് കരുതുന്ന ഷർട്ട് കണ്ടെത്തിയെങ്കിലും കൊലപാതകത്തിനുപയോഗിച്ച കത്തി ലഭിച്ചില്ല.
ഷർട്ടും കത്തിയും മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ, കത്തി വലിച്ചെറിഞ്ഞെന്നാണ് ഇപ്പോള് രാജേന്ദ്രന്റെ മൊഴി. ഇതോടെ, കൊടും ക്രിമിനലിന്റെ മൊഴികളിൽ വട്ടം കറങ്ങുകയാണ് അന്വേഷണസംഘം.
അമ്പലംമുക്കിൽ കൊലപാതകം നടന്ന കടയിലും തിങ്കളാഴ്ച രാജേന്ദ്രനെ എത്തിച്ച് പേരൂർക്കട പൊലീസ് തെളിവെടുപ്പ് നടത്തി. വിനീതയെ കൊലപ്പെടുത്തിയതെങ്ങനെയാണെന്ന് ഭാവഭേദമില്ലാതെ രാജേന്ദ്രൻ വിവരിച്ചു. തെളിവെടുപ്പിനിടെ, വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്.
നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ, ഏറെ പണിപ്പെട്ടാണ് രാജേന്ദ്രനെ പൊലീസ് വാഹനത്തിൽ കയറ്റി മുട്ടടയിലേക്ക് കൊണ്ടുപോയത്. ഷർട്ട് ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഇയാളുടെ ശരീരത്തിലെ മുറിവുകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
നേരത്തേ കൊലക്കേസിൽ ഒന്നരവർഷം ജയിൽ വാസം അനുഭവിച്ചിട്ടുള്ളതിനാൽ പൊലീസിനെ ഇയാൾക്ക് ഭയമില്ല. ജയിൽവാസത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും രാജേന്ദ്രനുണ്ട്. അതിനാൽ കേസിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളാണ് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും എം.ബി.എകാരനുമായ ഇയാൾ നടത്തുന്നതെന്ന് പൊലീസ് പറയുന്നു.
വസ്ത്രവും കത്തിയും മുട്ടട്ടയിലെ കുളത്തിൽ ഉപേക്ഷിച്ചെന്നുപറഞ്ഞ രാജേന്ദ്രൻ ഞായറാഴ്ച മണിക്കൂറുകൾക്കുള്ളിൽ തന്നെ നിലപാട് മാറ്റി. മെഡിക്കൽ കോളജ്, ഉള്ളൂർ, കന്യാകുമാരി ഭാഗങ്ങളിൽ ഉപേക്ഷിച്ചതായാണ് തുടർന്നുള്ള ചോദ്യം ചെയ്യലിൽ അറിയിച്ചത്. എന്നാൽ, മുട്ടട ഭാഗത്താകും ഇയാൾ തൊണ്ടി മുതൽ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് ഇന്നലെ ഉച്ചക്ക് 12.30 ഓടെ ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി കുളത്തിൽ തിരച്ചിൽ ആരംഭിച്ചത്.
10 മിനിറ്റിനുള്ളിൽ ഷർട്ട് ലഭിച്ചെങ്കിലും ഈ ഷർട്ട് തന്റേതല്ലെന്ന നിലപാടിലായിരുന്നു രാജേന്ദ്രൻ. തുടർന്ന്, കത്തിക്കായി പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. ഇതോടെ, തിരച്ചിൽ അവസാനിപ്പിച്ച് ഇയാളുമായി പൊലീസ് മടങ്ങുകയായിരുന്നു. കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം വീണ്ടും തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
2013 ഡിസംബർ 19ന് തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ദത്തുപുത്രിയെയും വകവരുത്തിയതിനെ തുടർന്ന് ഒന്നര വർഷമാണ് ഇയാൾ ജയിൽ വാസം അനുഭവിച്ചത്.അക്കാലത്ത് കൊടും ക്രിമിനലുകളുമായുള്ള സഹവാസവും ഇവരിൽനിന്ന് ലഭിച്ച ഉപദേശവും നിയമപരിജ്ഞാനവും രാജേന്ദ്രനുള്ളതായി പൊലീസ് പറയുന്നു. വിനീതയെ കൊന്ന് കൈക്കലാക്കിയ നാലു പവന്റെ മാല പണയം വെച്ച് ലഭിച്ച 95,000 രൂപയിൽ 36,000 രൂപ ക്രിപ്റ്റോ കറൻസി ഇടപാടിനായി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു.
ആനീസ് വധക്കേസിൽ രാജേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: ഇരിങ്ങാലക്കുട ആനീസ് വധക്കേസിൽ രാജേന്ദ്രന്റെ പങ്ക് അന്വേഷിച്ച് ക്രൈംബ്രാഞ്ച്. ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങൾ തമ്മിലുള്ള സമാനതയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. 2019 നവംബർ 14ന് വൈകീട്ട് ആറരയോടെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റാണ് വിനീതയുടെയും മരണം. ആനീസിന്റെ കഴുത്തിലും ഇതുപോലെ മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു രണ്ടുകൊലപാതകങ്ങളും നടത്തിയത്. പക്ഷേ, ഒരു തുമ്പും ലഭിക്കാതെ വന്നതോടെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. പക്ഷേ, കൊലപാതകിയെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.